റിയാദ്: നിയമം ലംഘിച്ച് പള്ളിയിൽ ദാനധർമങ്ങൾ ശേഖരിച്ച് സൂക്ഷിച്ച ഇമാം പിടിയിൽ. സൗദി തലസ്ഥാനമായ റിയാദിന്റെ കിഴക്ക് ഭാഗത്തുള്ള ഒരു പള്ളിയിലെ ഇമാമാണ് പണമായും സാധനങ്ങളായും സംഭാവനകൾ ശേഖരിച്ചതിനെ തുടർന്ന് മതകാര്യ വകുപ്പിന്റെ നിരീക്ഷണ വിഭാഗത്തിന്റെ പിടിയിലായത്.ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ പണവും മറ്റ് സാധനങ്ങളും ശേഖരിക്കുന്നത് നിരോധിച്ചുകൊണ്ട് മതകാര്യ മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലറിന്റെ ലംഘനമായാണ് ഇതിനെ കണക്കാക്കുന്നത്. പള്ളിയിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും നിയമം ലംഘിച്ച് ഇരുമ്പ് ഷീറ്റ് കൊണ്ട് പുതിയ സ്ഥലമൊരുക്കിയും, ഭക്ഷ്യസുരക്ഷക്കാവശ്യമായ യാതൊരു സംവിധാനങ്ങളുമില്ലാതെ ഭക്ഷ്യവസ്തുക്കൾ ഇമാം സൂക്ഷിച്ചിരുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ഇമാമിന്റെ നടപടി നിയമ ലംഘനമാണെന്ന് മതകാര്യ വകുപ്പ് അറിയിച്ചു. അദ്ദേഹത്തിനെതിരായ തുടര്‍ നടപടികൾക്കായി മന്ത്രാലയത്തിലെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തതായി മതകാര്യ മന്ത്രാലയം സൂചിപ്പിച്ചു. പള്ളി ജീവനക്കാരിൽ നിന്ന് ആരെങ്കിൽ സംഭാവനകൾ ശേഖരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.