കാസർഗോഡ്: കാസർഗോഡ് ഉപ്പള ഹിദായത്ത് നഗറിൽ വച്ച് എസ്ഐക്ക് മർദ്ദനമേറ്റു. ഇന്ന് പുലർച്ചെ ഒരു മണിക്ക് പട്രോളിംഗിനിടെയാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഞ്ചംഗ സംഘത്തെ ചോദ്യം ചെയ്തപ്പോളാണ് ആക്രമണം ഉണ്ടായത്. പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാക്കിയ ഇവർ എസ്ഐ യെ അക്രമിക്കുകയായിരുന്നു. മർദ്ദനത്തിൽ എസ് ഐയുടെ വലത് കൈക്ക് പരിക്കേറ്റു. അഞ്ചംഗ സംഘം സഞ്ചരിച്ച കാറും രണ്ട് ബൈക്കുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമിച്ച സംഘത്തിലുണ്ടായിരുന്ന അഫ്സൽ, റഷീദ്, സത്താർ എന്നിവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
കഴിഞ്ഞാഴ്ച ഇടുക്കി ചിന്നക്കനാലില്‍ കിഡ്നാപ്പ് കേസ് പ്രതികളെ പിടിക്കാനെത്തിയ കായംകുളം പൊലീസ് സംഘത്തിന് നേരെയും അക്രമണം ഉണ്ടായി. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിനായിരുന്നു അന്ന് കുത്തേറ്റത്. അഗസ്റ്റ് 28-ന് പുലര്‍ച്ച രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിലെ പ്രതികളെ തേടിയായിരുന്നു കായംകുളം പൊലീസ് സംഘം ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവർ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ അക്രമികൾ രക്ഷപ്പെടുത്തുകയും ചെയ്തു.
പൊലീസ് വാഹനത്തിന്‍റെ താക്കോലും ഊരിയെടുത്ത് കൊണ്ട് പോയി. എസ്ഐ അടക്കം 5 പൊലീസുകാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പരിക്കേറ്റവർ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപ സ്റ്റേഷനുകളിലെ പൊലീസുകാരെത്തിയാണ് കായംകുളം പൊലീസ് സംഘത്തെ രക്ഷപ്പെടുത്തിയത്. കഴുത്തിലും കൈയിലും കാലിലും കുത്തേറ്റ സിപിഒ ദീപകിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റ് രണ്ട് പൊലീസുകാര്‍ക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നാല് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘമെത്തിയാണ് പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിലെത്തിച്ചത്.