ന്യൂയോര്‍ക്ക്: സ്ക്രീനിൽ കലയും വരയും പാടും വീഴാതെ നോക്കുന്നത് ഒരു പ്രയാസപ്പെട്ട കാര്യമാണ്, കാരണം പല അവസ്ഥയിലാണ് നാം ഇന്ന് ഫോണ്‍ ഉപയോഗിക്കുന്നത്. എന്നാല്‍ സ്ക്രീനില്‍ പോറല്‍ വീഴുന്ന പ്രശ്നത്തിന് പരിഹാരം ഉടനെത്തിയേക്കുമെന്നാണ് അനലിസ്റ്റ് സ്ഥാപനമായ സിസിഎസ് ഇൻസൈറ്റ് പറയുന്നത്. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഉപയോക്താവിന് സ്വയം റിപ്പയർ ചെയ്യാൻ കഴിവുള്ള ഡിസ്‌പ്ലേകൾ വരുമെന്നും ഇതിനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും സിസിഎസ് ഇൻസൈറ്റിന്‍റെ റിപ്പോർട്ടുകൾ പറയുന്നു.
സ്ക്രീനിൽ വര വീഴുമ്പോൾ അന്തരീക്ഷത്തിലെ വായുവും ബാഷ്പവുമായി ചേർന്ന് പുതിയ വസ്തു നിർമിക്കപ്പെടുകയും അതുവഴി സ്‌ക്രീനിൽ വന്ന വരകൾ ഇല്ലാതാവുകയും ചെയ്യുന്ന ‘നാനോ കോട്ടിങ്’ സംവിധാനത്തോടെയുള്ള സ്‌ക്രീൻ ആണ് പുറത്തിറക്കുന്നത്. ഇത് പുറത്ത് വരുന്നതോടെ സ്വയം റിപ്പയർ ചെയ്യുന്ന ഡിസ്പ്ലേകൾ എന്ന ആശയം യാഥാർത്ഥ്യമാകുമെന്നും റിപ്പോർട്ടുണ്ട്.
ആദ്യമായല്ല ഇത്തരമൊരു ആശയം ചർച്ചയാവുന്നത്. 2013ൽ എൽജി ജി ഫ്‌ളെക്‌സ് എന്ന പേരിൽ ഒരു കർവ്ഡ് സ്മാർട്‌ഫോൺ ഡിസ്‌പ്ലേ പ്രഖ്യാപിച്ചിരുന്നു. സ്ക്രീനിന് എന്തെങ്കിലും പറ്റിയാൽ സ്വയം പരിഹരിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു ഇത്. എന്നാൽ എൽജി ഇതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പിന്നിട് പുറത്തുവിട്ടില്ല.
സ്ക്രീനിലെ പോറലുകൾ പരിഹരിക്കാൻ കഴിഞ്ഞേക്കുമെങ്കിലും വലിയ പൊട്ടലുകൾ ഉണ്ടായാൽ ഒന്നും ചെയ്യാനാകില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. ദിവസേനയുണ്ടാകുന്ന സ്ക്രാച്ചുകൾ ഇല്ലാതാക്കാൻ ഇതിന് സാധിക്കും. നിലവിൽ സെൽഫ് ഹീലിങ് ഡിസ്‌പ്ലേ സാങ്കേതിക വിദ്യയ്ക്കായി മോട്ടോറോള, ആപ്പിൾ ഉൾപ്പടെയുള്ള വിവിധ കമ്പനികൾ പേറ്റന്‍റുകള്‍ ഫയൽ ചെയ്തിട്ടുണ്ട്.
മെമ്മറി പോളിമർ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യയാണിത്. ചെറിയ ചൂട് ലഭിക്കുമ്പോളാണ് സ്ക്രീനിലെ സ്‌ക്രാച്ചുകൾ പരിഹരിക്കപ്പെടുന്നത്. ആപ്പിളിന്റെ ഫോൾഡബിൾ സ്‌ക്രീനിൽ ഇത് പരീക്ഷിക്കപ്പെടുമെന്നാണ് സൂചന. അധിക നിർമ്മാണ ചെലവാണ് ഇതിന്റെ പോരായ്മ. അതിനാൽ തുടക്കത്തിൽ വിലയേറിയ ഫോണുകളിൽ മാത്രമായിരിക്കാം ഈ സാങ്കേതിക വിദ്യ അവതരിപ്പിക്കുക.