ആലപ്പുഴ: മോദി ഭരണത്തില്‍ രാജ്യത്ത് അരാകത്വവും പ്രതികാര രാഷ്ട്രീയവും കൊടികുത്തിവാഴുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഫൈസല്‍ ഇസ്സുദ്ദീന്‍. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയ്ക്ക് ആലപ്പുഴ ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പദ്ഘടനയുടെ അടിത്തറ തകര്‍ന്നിരിക്കുന്നു. സര്‍വമേഖലയിലും അരാകത്വമാണ്. കര്‍ഷകരുടെയും തൊഴിലാളികളുടെയും ഇടത്തരക്കാരുടെയും ദരിദ്ര കുടുംബങ്ങളുടെയും ജീവിതം താറുമാറായിരിക്കുന്നു. കെടുകാര്യസ്ഥതയും വികലമായ സാമ്പത്തിക പരിഷ്‌കാരങ്ങളും തകര്‍ത്ത ഇന്ത്യയില്‍ ഭരണവിരുദ്ധ വികാരം മറികടക്കാന്‍ വംശീയ വിദ്വേഷം പ്രചരിപ്പിച്ച് സ്പര്‍ദ്ദയും സംഘര്‍ഷങ്ങളും സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവിഹിത ഫണ്ട് സമാഹരണത്തിനുള്ള ഇലക്ടറല്‍ ബോണ്ട്, നിഗൂഢമായ പിഎം കെയര്‍, നോട്ട് നിരോധനം എന്ന വിഡ്ഢിത്തം, ഫെഡറലിസത്തെ തകര്‍ത്ത ജി.എസ്.ടി- ഇതാണ് മോദിയുടെ ഭരണ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
ജില്ല പ്രസിഡന്റ് കെ. റിയാസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജാഥാ വൈസ് ക്യാപ്ടന്‍മാരായ തുളസീധരൻ പള്ളിക്കൽ, റോയ് അറയ്ക്കല്‍, എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ടി രത്നം അണ്ണാച്ചി, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം എം.എം താഹിര്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി റൈഹാനത്ത് സുധീര്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എം സാലിം, ജില്ലാ സെക്രട്ടറി അസ്ഹാബുല്‍ ഹഖ് സംസാരിച്ചു. ബുധനാഴ്ച യാത്ര പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് പഴകുളത്തു നിന്ന് വാഹനജാഥയായി ആരംഭിച്ച് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ സമാപിക്കും.