തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. ‘‘മൂന്ന് ബൈക്കിലെത്തിയ ഒൻപതംഗ സംഘമാണ് ആക്രമിച്ചത്. പൊലീസ് പിന്തുടർന്നതു കാരണം കൂടുതൽ ആക്രമണം ഒഴിവായി. വഞ്ചിയൂരിൽ എൽഡിഎഫ് ജാഥയ്ക്കു നേരെയും ആർഎസ്എസ് ആക്രമണമുണ്ടായി’’- അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായിത്. ഓഫിസിന് പൊലീസ് കാവൽ നിൽക്കെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയവർ കല്ലുകൾ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫിസിനു മുന്നിൽ നിർത്തിയിട്ടിരുന്ന ആനാവൂർ നാഗപ്പന്റെ കാറിനു കേടുപാടുണ്ടായി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.