തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന് സിപിഎം പിന്തുണ. പാർട്ടി നിർദേശ പ്രകാരം ആണ് മേയർ പരാതി നൽകുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. കത്ത് ചോർച്ചയിൽ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യമില്ല. പാർട്ടിയിലെ വിഭാഗീയത മാധ്യമങ്ങളുടെ പ്രചാര വേലയാണ്. മേയർ രാജിവയ്ക്കേണ്ട കാര്യമില്ല.ഡി ആർ അനിലിന്റെ കത്തിനെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. വിവാദം ഒഴിവാക്കാനാണ് നിയമനം എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി ആക്കിയത്.സംസ്ഥാന നേതൃത്വത്തെ വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു
കോഴിക്കോട് നിന്നും തിരുവനന്തപുരത്തെത്തുന്ന മേയർ ആര്യാ രാജേന്ദ്രൻ സിറ്റി പൊലീസ് കമ്മിഷണർക്കോ മ്യൂസിയം പൊലീസിലോ പരാതി നൽകും.വ്യാജ പ്രചാരണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുക. വ്യാജ ഒപ്പും സീലില്ലാത്ത ലെറ്റര്‍പാഡുമുണ്ടാക്കി കത്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. പരാതി നൽകിയതിന് ശേഷം മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയേക്കും. അതിനിടെ മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം
ജോലി ഒഴിവുണ്ടെന്നും അതിലേക്ക് യോഗ്യരായവരുടെ പട്ടിക നൽകാനും ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് പുറത്തായത്. ഈ കത്ത് വ്യാജമാണോ അല്ലയോ എന്ന് ആദ്യം പറയാൻ ജില്ലാ സെക്രട്ടറി തയാറായിരുന്നില്ല.ഇതിനു പുറകെ മറ്റൊരു സ്റ്റാന്റിങ് കമ്മറ്റി ചെയർമാനായ ഡി ആർ അനിൽ ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്തും പുറത്തുവന്നിരുന്നു. വിവാദം കത്തി പ്രതിഷേധം കനത്തതോടെ താൽകാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിന് വിട്ട് സിപിഎം തടിയൂരി.