അഞ്ചൽ: ഇരുതലമൂരിയെ ഒരു കോടി രൂപക്ക് കച്ചവടം നടത്തുവാൻ ശ്രമിക്കുന്നതിനിടെ വനപാലകരെ വെട്ടിച്ച് ഓടിരക്ഷപ്പെട്ട നാല് തൃശൂർ സ്വദേശികളെ പിടികൂടാനുള്ള ശ്രമം ഊർജിതം. കഴിഞ്ഞ 24ന് വൈകുന്നേരത്തോടാണ് കൊല്ലം അസീസിയ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് വച്ച് തൃശൂർ സ്വദേശികളായ നാല് പേർ കൊല്ലം സ്വദേശികളായ രണ്ട് പേർക്ക് ഇരുതലമൂരിയെ കൈമാറിയത്.രഹസ്യവിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ വനപാലക സംഘത്തെ തിരിച്ചറിഞ്ഞ് നാല് പേർ ഓടി രക്ഷപ്പെട്ടു. സംഘത്തിലെ രണ്ട് പേരെ സംഭവസ്ഥലത്തു വച്ചു തന്നെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വനപാലക സംഘം കൂട്ടുപ്രതികളെ അന്വേഷിച്ച് തൃശൂരിലെത്തിയിരുന്നു. എന്നാൽ ഇവർ ഒളിവിൽ കഴിയുകയാണെന്നും സംസ്ഥാനത്തിന് പുറത്താകാമെന്നുമുള്ള വിവരമാണ് ലഭിച്ചത്.അതിനിടെ, വനപാലകർ പിടിച്ചെടുത്ത ഇന്നോവ കാർ, സ്വിഫ്റ്റ് കാർ, സ്കൂട്ടർ എന്നിവ തിരികെ കിട്ടുന്നതിനായി പ്രതികൾ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. വനംവകുപ്പിന്റെ എതിർപ്പിനെത്തുടർന്ന് അപേക്ഷ നിരസിക്കപ്പെട്ടു. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾ ഉടൻ തന്നെ അറസ്റ്റിലാകുമെന്ന് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.എസ്. സജു പറഞ്ഞു.