ബൂഡാപെസ്റ്റ് : റഷ്യയുടെ പ്രസിഡന്റ് വ്ലാദിമിർ പുതിനെതിരേ നടപടിയുമായി ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ(ഐ.ജെ.എഫ്.). സംഘടനയിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനത്തുനിന്നും പുതിനെ സംഘടന പുറത്താക്കി. പുതിനുമായി അടുത്ത ബന്ധമുള്ള റഷ്യൻ വ്യവസായി അർകാഡി റോട്ടൻബെർഗിനെയും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും ഐ.ജെ.എഫ്. ഒഴിവാക്കിയിട്ടുണ്ട്. യുക്രൈനെതിരെ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഐ.ജെ.എഫിന്റെ ഓണററി പ്രസിഡന്റ്, അംബാസഡർ എന്നീ സ്ഥാനങ്ങളിൽ നിന്ന് പുതിനെ താൽക്കാലത്തേക്ക് ഒഴിവാക്കിയിരുന്നു. ഐ.ജെ.എഫിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളിൽനിന്നും പുതിനെയും റോട്ടൻബെർഗിനെയും നീക്കം ചെയ്യുന്നതായി പ്രസ്താവനയിലൂടെയാണ് സംഘടന അറിയിച്ചത്.
കഴിഞ്ഞമാസം വേൾഡ് തായ്ക്വാണ്ടോ സംഘടന, പുതിന്റെ ഒൻപതാം ഡാൻ ബ്ലാക്ക് ബെൽറ്റ് പിൻവലിച്ചിരുന്നു. 2013 നവംബറിലായിരുന്നു തായ്ക്കൊണ്ടോ സംഘടന ഡാൻ ബ്ലാക്ക് ബെൽറ്റ് പുതിന് സമ്മാനിച്ചത്. 2013 മുതൽ ഐ.ജെ.എഫ്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു റോട്ടൻബെർഗ്. ശതകോടീശ്വരനായ ഇദ്ദേഹത്തിന് പുതിനുമായി അടുത്ത ബന്ധമാണുള്ളത്. റഷ്യയിൽ നിർമാണ കമ്പനികൾ സ്വന്തമായിട്ടുള്ള റോട്ടൻബെർഗ്, പുതിന്റെ ജൂഡോ പങ്കാളി കൂടിയാണ്.