ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുന്നത് കേന്ദ്രബജറ്റിനെ വലിയ അളവില്‍ ബാധിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. കൊവിഡ് മഹാമാരി സാമ്പത്തിക രംഗത്ത് സമാനതകളില്ലാത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജനപ്രിയമായ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. myGov.in വെബ്‌സൈറ്റിലൂടെ ബജറ്റുമായി ബന്ധപ്പെട്ട 3,124 നിര്‍ദ്ദേശങ്ങളാണ് പൊതുജനങ്ങളില്‍ നിന്ന് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് ലഭിച്ചത്. ഇവയിലെല്ലാം പരിഗണിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പിന്റെ കൂടി സാഹചര്യത്തില്‍ പൊതുജനാഭിപ്രായത്തിലെ ട്രെന്‍ഡുകളെ വിശകലനം ചെയ്തുകൊണ്ട് തന്നെയാകും ബജറ്റ് പ്രഖ്യാപനങ്ങള്‍.
നികുതി ഇളവും അടിസ്ഥാന സൗകര്യ വികസനവും വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമാണ് പ്രധാനമായും പൊതുജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. കൊവിഡ് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും സൃഷ്ടിച്ച അടിയന്തിര സാഹചര്യം മനസിലാക്കി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നാണ് ആവശ്യം. രാജ്യത്തെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മതിയായ തൊഴിലവസരങ്ങളില്ലെന്നാണ് ചിലരുടെ പരാതി. ഇത് പരിഹരിക്കാന്‍ നയരൂപീകരണം നടത്തണമെന്ന് ഇവര്‍ വെബ്‌സൈറ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ടൂറിസം വികസിക്കേണ്ടതിന്റെ പ്രാധാന്യമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പല ആളുകളും നിര്‍ദ്ദേശിച്ചത്. വ്യവസായങ്ങളുടെയും സമ്പത്തിന്റെയും വികേന്ദ്രീകരണമാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. കൊവിഡ് മഹാമാരി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിപ്പിച്ചതിനാല്‍ ഈ ഇടവ് നികത്താനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യവികസനത്തിനും ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതല്‍ തുക വകയിരുത്തണം. അതിസമ്പന്നരുടെ പക്കല്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കണമെന്നും ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജനങ്ങള്‍ മുന്നോട്ടുവെച്ച ഈ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ഇവ ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്നും നീതി ആയോഗും വ്യക്തമാക്കിയിട്ടുണ്ട്.