അമരാവതി∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ജനസേന പാർട്ടി അധ്യക്ഷനായ നടൻ പവൻ കല്യാൺ. 371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ചന്ദ്രബാബു നായിഡു ജയിലായതിനു പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം.നായിഡുവിന്റെ മകൻ നാരാ ലോകേഷ്, ഭാര്യാസഹോദരനും ഹിന്ദുപൂർ എംഎൽഎയുമായ നന്ദമുരി ബാലകൃഷ്ണ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പവൻ കല്യാണ്‍ ടിഡിപിയുമായി സഖ്യത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ചത്. നായിഡുവിന്റെ അറസ്റ്റിൽ, സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
‘‘വരുന്ന തിരഞ്ഞെടുപ്പിൽ ജന സേനയും തെലുങ്ക് ദേശം പാർട്ടിയും ഒന്നിച്ചു നിൽക്കുമെന്ന് ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇത് നമ്മുടെ (പാർട്ടിയുടെ) രാഷ്ട്രീയ ഭാവിക്കു വേണ്ടിയല്ല. ആന്ധ്രാപ്രദേശിന്റെ ഭാവിക്കു വേണ്ടിയാണ്’’– പവൻ കല്യാൺ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് പാർട്ടിയെ ഇനിയും സഹിക്കാനാവില്ലെന്ന് പവൻ കല്യാൺ പറഞ്ഞു.
‘‘അദ്ദേഹം വാഗ്ദാനങ്ങൾ പാലിക്കുന്നില്ല, കൊള്ളയടിക്കുന്നു. മദ്യത്തിൽനിന്നു പണം സമ്പാദിക്കുന്നു. ഈ അറസ്റ്റ് തികച്ചും രാഷ്ട്രീയ പകപോക്കലാണ്. വൈഎസ്ആർസിപിയും ജഗനും കാരണം എനിക്ക് ലോകേഷിനും ബാലകൃഷ്ണയ്ക്കും ഒപ്പം നിൽക്കേണ്ടി വന്നു.’’– പവൻ കല്യാൺ പറഞ്ഞു. പവൻ കല്യാണും ബാലകൃഷ്ണയും ഇന്ന് രാവിലെ നായിഡുവിനെ ജയിലിൽ എത്തി സന്ദർശിച്ചിരുന്നു.
ഞായറാഴ്ച ചന്ദ്രബാബു നായിഡുവിനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഭാര്യയുടെ വീട്ടുതടങ്കൽ അപേക്ഷ ചൊവ്വാഴ്ച അഴിമതി വിരുദ്ധ കോടതി തള്ളി.