തിരുവനന്തപുരം : പേട്ടയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന്റെ വാദങ്ങൾ തള്ളി പോലീസ്. അനീഷ് ജോർജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂർണമായും തള്ളിക്കളയുന്നത്. സംഭവദിവസം അർധരാത്രി രണ്ട് മണിക്ക് മുമ്പേ അനീഷ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നതായും ഒരുമണിക്കൂറോളം കഴിഞ്ഞാണ് അനീഷിനെ പെൺകുട്ടിയുടെ അച്ഛൻ കണ്ടതെന്നും പോലീസ് പറയുന്നു. അനീഷിനെ പ്രതിയായ സൈമൺ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയെന്നാണ് അനീഷിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും വാദിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളാണ് പോലീസ് അന്വേഷണത്തിൽ തള്ളിക്കളഞ്ഞിരിക്കുന്നത്.
രാത്രി ഒന്നരമണി വരെ അനീഷും പെൺസുഹൃത്തും ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷം രണ്ട് മണിയോടെയാണ് അനീഷ് പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. പെൺകുട്ടിയുടെ വീട്ടിൽ വഴക്കുണ്ടായെന്നറിഞ്ഞ് വന്നതല്ല. വീടിന്റെ പിൻവശത്തെ കാടുമൂടി കിടക്കുന്ന വഴിയിലൂടെ രഹസ്യമായാണ് യുവാവ് വന്നതെന്നും പോലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഒരുമണിക്കൂറോളം കഴിഞ്ഞ് മൂന്ന് മണിയോടെയാണ് അനീഷ് മകളുടെ മുറിയിലുണ്ടെന്ന് സൈമൺ ലാലൻ അറിയുന്നത്. തുടർന്ന് മകളുടെ മുറിയിലെത്തി പരിശോധിച്ചപ്പോൾ അനീഷിനെ കണ്ടത് പ്രതിയെ പ്രകോപിപ്പിച്ചു. ഇതോടൊപ്പം അനീഷിനോടുണ്ടായിരുന്ന മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ എത്തിയതെന്നും പോലീസ് പറയുന്നു.
കൊലപാതകത്തിന് മുമ്പ് വീട്ടിൽ വഴക്ക് നടന്നതിന് തെളിവില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുമ്പ് വീട്ടിൽനിന്ന് ബഹളമോ മറ്റുശബ്ദങ്ങളോ കേട്ടില്ലെന്നാണ് അയൽക്കാരുടെയും മൊഴി. അതേസമയം പെൺകുട്ടിയുടെ മുറിയിൽനിന്ന് ബിയർ കുപ്പികൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. യുവാവിന്റെ മരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ വ്യക്തമാവുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.