പാലക്കാട്: ജീർണ്ണിച്ച കെട്ടിടം വീഴാൻ സാധ്യതയുണ്ടെന്നും സാധ്യമെങ്കിൽ കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്നും രക്ഷിതാക്കളോട് പറയുന്ന ടീച്ചറുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ ഇടപെട്ട് മന്ത്രി എം.ബി രാജേഷിൻ്റെ ഓഫീസ്. അങ്കണവാടിക്ക് സമീപത്തുളള പൊളിഞ്ഞു വീഴാറായ കെട്ടിടം ഉടൻ നീക്കം ചെയ്യാൻ നിർദേശം നൽകി. നാളേയ്ക്കകം പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ നിർദേശം.
പാലക്കാട് ചാലിശ്ശേരിയിൽ പെരുമണ്ണൂർ ജി എൽ പി സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന പഴയ അങ്കണവാടി കെട്ടിടമാണ് പിഞ്ചു കുട്ടികൾക്ക് അപകടഭീഷണിയായി നിലകൊള്ളുന്നത്. ഏത് നിമിഷവും നിലം പതിക്കാറായ ഈ കെട്ടിടത്തിനരികിലൂടെ വേണം കുട്ടികൾ തങ്ങളുടെ പുതിയ അങ്കണവാടി കെട്ടിടത്തിലേക്കെത്താൻ. ജീർണ്ണിച്ച് അപകടാവസ്ഥയിലായിട്ടും കെട്ടിടം പൊളിച്ച് മാറ്റിയിട്ടില്ല. കെട്ടിടം പൊളിക്കാൻ നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞ് നോക്കിയിട്ടില്ല. ഇതോടെയാണ് രക്ഷിതാക്കളോട് കുഞ്ഞുങ്ങളെ അങ്കണവാടിയിലേക്ക് അയക്കരുതെന്ന് അങ്കണവാടി ടീച്ചർ രമാദേവി ടീച്ചർ അപേക്ഷിച്ചത്.