തിരൂർ : മൂന്നരവയസ്സുകാരനും ബംഗാൾ സ്വദേശിയുമായ ശൈഖ് സിറാജിനെ ചവിട്ടിക്കൊന്നതാണെന്ന് രണ്ടാനച്ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. മർദനമാണ് മരണകാരണമെന്നാണ് ഡോക്ടറുടെ മൊഴിയും. പ്രതി അർമാനെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ പുറത്തുള്ള കാൽപ്പാട് പ്രതിയുടേതാണോ എന്ന പരിശോധനയും നടത്തി. കുട്ടിയുടെ ശരീരത്തിലുള്ള രക്തക്കറ പ്രതിയുടേതാണോയെന്ന് തിരിച്ചറിയാൻ ഡി.എൻ.എ. പരിശോധനക്കായി രക്തസാമ്പിളുമെടുത്തു. ഇത് തൃശ്ശൂർ ഫൊറൻസിക് ലാബിലയയ്ക്കും. ആദ്യഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള ദേഷ്യം തീർക്കാനായിരുന്നു കുട്ടിക്ക് നേരെ അക്രമം കാട്ടിയതെന്ന് അർമാൻ പോലീസിനോട് സമ്മതിച്ചു.
മുംതാസ് ബീവിയുടെ രഹസ്യമൊഴി തിരൂർ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. തവനൂർ റസ്ക്യൂഹോമിൽ കഴിയുന്ന മാതാവിനെ പോലീസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. അർമാൻ കുട്ടിയെ മർദിക്കാറുണ്ടെന്ന് പോലീസിന് നൽകിയ മൊഴി മജിസ്ട്രേറ്റ് മുമ്പാകെയും മുംതാസ് ബീവി പറഞ്ഞു. തിരൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി അർമാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഞ്ചേരി ജില്ലാ ജയിലിലേക്ക് മാറ്റി. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. കേസന്വേഷണചുമതല തിരൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. ജിജോക്കാണ്.