മൊബൈൽ ആപ്പ് ഡൗൺലോഡ് ആകാൻ വെകിയതിനെത്തുടർന്ന് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ മകനെ കുത്തിപ്പരിക്കേൽപ്പിച്ച് പിതാവ്. മാതാപിതാക്കൾ തമ്മിലുള്ള തർക്കത്തിനിടെ പിതാവിനോട് സമാധാനപ്പെടാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് 23കാരനായ മകനെ പിതാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു. ഡൽഹിയിലെ മധു വിഹാറിലാണ് സംഭവം.
എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് സീനിയര്‍ മാനേജരായി വിരമിച്ച അശോക് സിങ് എന്ന 64കാരനാണ് മകന്‍റെ നെഞ്ചില്‍ കുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.
ഭാര്യ മഞ്ജു സിങിനും മകന്‍ ആദിത്യ സിങിനുമൊപ്പമായിരുന്നു അശോക് സിങ് താമസിച്ചിരുന്നത്. ഗുരുഗ്രാമില്‍ കംപ്യൂട്ടര്‍ എന്‍ജിനിയറാണ് ആദിത്യ. അടുത്തിടെയാണ് അശോക് സിങ് ഗുരുഗ്രാമില്‍ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. ഇത് സംബന്ധിയായ പണം കൈമാറ്റത്തിനായി ഭാര്യ മഞ്ജുവിനോട് ഫോണില്‍ ഒരു ആപ്പ് ഡൗൺലോഡ് ചെയ്യാന്‍ അശോക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അശോക് വിചാരിച്ചതിലും അധികം സമയം ആപ്പ് ഡൌണ്‍ലോഡ് ആവുന്നതിന് എടുത്തതോടെ ഇയാള്‍ പ്രകോപിതനാവുകയായിരുന്നു.
അശോകും ഭാര്യയും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. ഇതിനിടെ പിതാവിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആദിത്യയ്ക്ക് കുത്തേറ്റത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്തായിരുന്നു ആക്രമണം. ആദിത്യയെ ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും വാരിയെല്ലിലുമായി രണ്ട് തവണയാണ് ആദിത്യയ്ക്ക് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു. മനപ്പൂര്‍വ്വം ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് അശോക് സിങിനെതിരെ കേസ് എടുത്തിട്ടുണ്ട്.