തൃശൂര്‍: കരുവന്നൂരില്‍ അന്വേഷണ കമ്മീഷനായിരുന്നില്ലെന്ന സിപിഎം നേതാവ് പികെ ബിജുവിന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ബിജുവിനെ കമ്മീഷനായി നിയമിച്ച പാര്‍ട്ടി രേഖ അനില്‍ അക്കര പുറത്ത് വിട്ടു. കരുവന്നൂര്‍ ബാങ്കിലെ കമ്മീഷന് അംഗമായ ബിജു പറയുന്നു അങ്ങനൊന്നില്ലെന്ന്. പാര്‍ട്ടി ഓഫീസിലിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് തൃശൂര്‍ അരിയങ്ങാടിയില്‍ പോലും കിട്ടുമെന്നും അനില്‍ അക്കര പറഞ്ഞു.
കാലം മാറി ഇരുമ്പ് മറയ്ക്ക് തുരുമ്പായി ഓട്ടവീണു. താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ ചോദിക്ക് താനാരാണെന്ന്. അതാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നതെന്നും അനില്‍ അക്കര പരിഹസിച്ചു. അനില്‍ അക്കരയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് സിപിഎം നേതാവ് പികെ ബിജു നേരത്തെ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. തനിക്കെതിരെ തെളിവുണ്ടങ്കില്‍ അനില്‍ മാധ്യമങ്ങള്‍ക്ക് കൈമാറണം. എംപിയായിരിക്കെ താന്‍ താമസിച്ച വീടുകളുടെ വാടക കൃത്യമായി കൊടുത്തിട്ടുണ്ട്. ഒരു കള്ളപ്പണക്കാരന്റെയും സംരക്ഷണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് ആവശ്യമില്ല. താന്‍ അന്വേഷണ കമ്മീഷനലില്ല. പാര്‍ട്ടി കമ്മീഷനെ വച്ചോ എന്ന് തനിക്കറിയില്ലെന്നും പികെ ബിജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.