ബി.ബി.സിയെ പ്രതിക്കൂട്ടിൽ നിർത്തി കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി. കശ്മീർ ഇല്ലാത്ത ഇന്ത്യൻ ഭൂപടം പലതവണയായി ബിബിസി പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള വാർത്തകൾ ഇതിനകം നിരവധി തവണ ബിബിസി നൽകിയിട്ടുണ്ടെന്നുമാണ് അനിലിന്റെ വിമർശനം. ബിബിസി ചെയ്ത പഴയ വാർത്തകൾ പങ്കുവെച്ചാണ് അനിലിെൻറ ട്വീറ്റ്.
ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരാമർശിച്ചുളള ബിബിസിയുടെ ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററിക്കെതിരായ അനിലിന്റെ നിലപാട് നേരത്തെ വലിയ ചർച്ചയായിരുന്നു. ഗുജറാത്ത് കലാപത്തിൽ മോദിയെ വിമർശിക്കുന്ന ബിബിസി ഡോക്യുമെന്ററിയെ കോൺഗ്രസും രാഹുൽ ഗാന്ധിയുമടക്കം അനുകൂലിക്കുന്നതിനിടെയാണ് അനിലിന്റെ നിലപാട് വ്യാപക വിമർശനം ഏറ്റുവാങ്ങിയത്. അനിലിെൻറ നിലപാടിനെ ബിജെപി മാത്രമാണ് സ്വാഗതം ചെയ്തത്. പരാമർശം ചർച്ചയായതോടെ അനില്‍ ആന്‍റണി ഡിജിറ്റൽ മീഡിയ സെൽ കൺവീനര്‍ സ്ഥാനം രാജിവെച്ചൊഴിഞ്ഞു. അനിൽ രാജിവെച്ചതിനെ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്തു. എന്നാൽ, വീണ്ടും ബിബിസിക്കെതിരെ രംഗത്ത് വന്നത് ചൂട് പിടിച്ച ചർച്ചകൾക്കിടയാക്കുകയാണ്.