ബിബിസി ഡോക്യൂമെന്ററി വിഷയത്തിൽ കോൺഗ്രസ് നിലപാട് തള്ളിയ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ സ്വന്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിലെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കാനുള്ള നീക്കം നടക്കുന്നതായാണ് സൂചന. ഇതിനിടെ, കുറച്ചുനാളായി ബി.ജെ.പി. നേതൃത്വവുമായി അനിലിന് അടുത്ത ബന്ധമുണ്ടെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുൻപായി അനിലിനെ ഒപ്പം നിർത്താൻ കഴിഞ്ഞാൽ കേരളത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. ഇതിലൂടെ
പ്രമുഖ ക്രൈസ്‌തവസഭയുടെ പിന്തുണ നേടിയെടുക്കാൻ കഴിയുമെന്നാണ് ബിജെപി പ്രതീക്ഷ. സഭയുടെ പിന്തുണയോടെ അഞ്ച് സീറ്റാണു ബിജെപി ലക്ഷ്യം വെക്കുന്നത്. കേരളത്തിൽ നേതൃമാറ്റമില്ലെന്ന് നേരത്തെ സംസ്ഥാനത്തിന്റെ ചുമലതയുള്ള പ്രകാശ് ജാവ്‌ദേക്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് അറിയിച്ചതായാണ് സൂചന. ഇതനുസരിച്ച് ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലയാളി പ്രഫഷണലുകളെ സ്വന്തമാക്കാൻ ബി.ജെ.പി. ശ്രമം നടത്തുന്നുണ്ട്. ഈ നീക്കത്തില്‍ അനിലിനെ ഉപയോഗപ്പെടുത്താമെന്നും കരുതുന്നു. ശശി തരൂരിന്റെ അനുയായി എന്ന നിലയിലാണ് അനിൽ അറിയപ്പെടുന്നത്. അനിലിനെ കൂടെ നിർത്തിയാൽ തരൂരിന്റെ വ്യക്തി പ്രഭാവം ഇടിയുമെന്നും ബിജെപി കരുതുന്നു. എല്ലാറ്റിനും പുറമെ, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്തിന്റെ മകനെതന്നെ ലഭിച്ചാല്‍, ദേശീയ തലത്തിലും ബി.ജെ.പിക്കു വലിയ നേട്ടമായി ഉയർത്തികാണിക്കാം.
കേരളത്തില്‍ ക്രൈസ്‌തവ സമൂഹത്തില്‍നിന്ന് ഉയര്‍ത്തിക്കാണിക്കാവുന്ന മുഖം ഇപ്പോള്‍ ബി.ജെ.പിക്കില്ല. അല്‍ഫോന്‍സ് കണ്ണന്താനം, പി.സി. തോമസ് എന്നിവരെയടക്കം പരീക്ഷിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് അനില്‍ ആന്റണിയിൽ പ്രതീക്ഷ അർപ്പിക്കുന്നത്. ബി.ബി.സിയുടെ ഡോക്യുമെന്ററിയെ എതിര്‍ത്തതിലൂടെ കോണ്‍ഗ്രസ്സില്‍ നിന്ന് രൂക്ഷ വിമര്‍ശനം നേരിടേണ്ടിവന്നതോടെ പാര്‍ട്ടിയില്‍ നിന്നു രാജിവച്ച അനില്‍ ഉടനേ വേറെ പാര്‍ട്ടിയിലേക്കില്ലെന്നാണ് പറഞ്ഞത്. എന്നാൽ, കോൺഗ്രസ് സംസ്കാരം ശരിയല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. അനിലിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൊന്നും രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയേപ്പറ്റി യാതൊന്നും പരാമര്‍ശമില്ല. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എ.ഐ.സി.സി. ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എന്നീ പദവികളില്‍ ഇരുന്നുകൊണ്ടു അനില്‍ ഫലപ്രദമായി ഒന്നും ചെയ്‌തില്ലെന്ന ആരോപണമുണ്ട്. പുതിയ സാഹചര്യത്തിൽ കോൺഗ്രസിന്റെ എല്ലാ പോഷക സംഘടനകളും അനിലിനെ വിമർശിച്ചു കഴിഞ്ഞു. അനിലിെൻറ നിലപാട് അപക്വമെന്ന് ശശിതരൂരും പ്രതികരിച്ചു.