തിരുവനന്തപുരം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിക്ക് തിരുവനന്തപുരത്ത് ബിജെപി ഓഫീസിൽ സ്വീകരണം നൽകി. പാർട്ടി മാറ്റത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് അദ്ദേഹം തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. യുവം പരിപാടിയിലെ പ്രസംഗത്തിലുണ്ടായത് പിഴവാണെന്ന് അദ്ദേഹം പ്രതികരിച്ചു. വീട്ടിൽ അനിലിന്റെ തീരുമാനത്തോട് ആരെങ്കിലും യോജിപ്പോ വിയോജിപ്പോ അറിയിച്ചോയെന്ന ചോദ്യത്തോട്, രാഷ്ട്രീയം ചർച്ചയായില്ലെന്ന പ്രതികരണമാണ് അനിൽ ആന്റണി നടത്തിയത്. ‘ഇന്നലെ വീട്ടിൽ രാഷ്ട്രീയം ചർച്ചയായില്ല. അച്ഛന്റെ ഇനി രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം ഇപ്പോൾ കോൺഗ്രസിന്റെ പ്രധാന സ്ഥാനങ്ങളിലൊന്നും ഇല്ല. താൻ പ്രായപൂർത്തി ആയ ആളാണ്. സ്വന്തം തീരുമാനം എടുക്കാൻ എനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും അനിൽ പറഞ്ഞു. അച്ഛന്റെ കാലത്തെ കോൺഗ്രസ് അല്ല ഇപ്പോഴത്തെ കോൺഗ്രസെന്നും അനിൽ ആന്റണി കൂട്ടിച്ചേർത്തു. ‘അച്ഛൻ പാർലമെൻ്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണ്. യുവം പ്രസംഗത്തിൽ വന്നത് ചെറിയ പിശകാണ്. താനുദ്ദേശിച്ചത് 25 വർഷം കൊണ്ട് ഇന്ത്യയെ വികസിത രാഷ്ട്രം ആക്കുമെന്നാണ്. ട്രോളുകൾ കാര്യമാക്കുന്നില്ല. ബിജെപി ജില്ലാ നേതാക്കളെയും നാട്ടുകാരായ പാർട്ടി പ്രവർത്തകരെയും കാണാനാണ് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വന്നത്,’ – എന്നും അനിൽ ആന്റണി പറഞ്ഞു.