ആരോഗ്യകരവും പോഷകപ്രദവും ആയ ഭക്ഷണരീതി പിന്തുടരുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ അത്തിപ്പഴം ഉൾപ്പെടുത്തണം. മാക്രോന്യൂട്രിയന്റുകളും മൈക്രോന്യൂട്രിയന്റുകളും അടങ്ങിയ അത്തിപ്പഴം, ശരീരഭാരം കുറയ്ക്കാനും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ഒപ്പം സ്റ്റാമിന കൂട്ടാനും സഹായിക്കും. പച്ചയ്ക്കും ഉണക്കിയും അത്തിപ്പഴം ഉപയോഗിക്കാം. രണ്ടും ഒരുപോലെ ആരോഗ്യകരമാണ്. ഉണക്കിയ അത്തിപ്പഴത്തിൽ ജലാംശം കുറവായിരിക്കും. എന്നാൽ പോഷകങ്ങൾ ധാരാളമുണ്ടു താനും. പച്ച അത്തിപ്പഴത്തിലും ഉണക്കിയ പഴത്തിലും വൈറ്റമിനുകളും നാരുകളും ചെറിയ അളവിൽ കൊഴുപ്പും ഉണ്ട്. കാത്സ്യം, പൊട്ടാസ്യം, അയൺ, കോപ്പർ തുടങ്ങിയ മൈക്രോന്യൂട്രിയന്റുകളും അത്തിപ്പഴത്തിലുണ്ട്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്ക് അത്തിപ്പഴം കഴിക്കാം. ഇത് വിശപ്പ് ശമിപ്പിക്കും. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാൻ ഇത് സഹായിക്കും.
ഉണങ്ങിയ അത്തിപ്പഴമാണ് കഴിക്കുന്നതെങ്കിൽ ഒരു രാത്രി വെള്ളത്തിൽ കുതിരാൻ വയ്ക്കണം. കുതിരുന്നതു വഴി ദഹനം എളുപ്പമാകുകയും എല്ലാ പോഷകങ്ങളും ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.
പൊട്ടാസ്യവും ഇരുമ്പും ധാരാളം അടങ്ങിയതിനാൽ അത്തിപ്പഴം കരുത്ത് ഏകും. എപ്പോഴും ക്ഷീണിച്ച് തളർന്നിരിക്കുന്നവർക്ക് ദിവസവും രാവിലെ അത്തിപ്പഴം ഒരു ഗ്ലാസ് പാലില്‍ ചേർത്ത് കഴിക്കുന്നത് കരുത്തും ഊർജവും നൽകും. അത്തിപ്പഴം ഒരെണ്ണം പാലിൽ ചേർത്ത് തിളപ്പിച്ച് രാവിലെയോ പ്രഭാത ഭക്ഷണത്തിനൊപ്പമോ കഴിക്കാം.
ദിവസം എത്ര അത്തിപ്പഴം കഴിക്കാം?
പച്ച ആണെങ്കിൽ ദിവസവും രണ്ടോ മൂന്നോ അത്തിപ്പഴം കഴിക്കാം. ഉണങ്ങിയ പഴമാണ് കഴിക്കുന്നതെങ്കിൽ പരമാവധി മൂന്നെണ്ണമേ ഒരു ദിവസം കഴിക്കാവൂ. അതും വെള്ളത്തിൽ കുതിർത്തു വച്ച ശേഷം. ഉയർന്ന ഷുഗറോ, കരൾ രോഗങ്ങളോ മറ്റ് ദഹനപ്രശ്നങ്ങളോ ഉള്ളവർ അത്തിപ്പഴം കൂടിയ അളവിൽ കഴിക്കരുത്.