തൃശൂര്‍ : പോലീസ് കമ്മീഷണര്‍ അങ്കിത് അശോകിനെയും എസിപി സുദര്‍ശനെയും സ്ഥലം മാറ്റാന്‍ നിര്‍ദേശം. തൃശൂര്‍ പൂരത്തിനിടെ പോലീസിനെതിരെ ഉയര്‍ന്ന പരാതിയെത്തുടര്‍ന്നാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാന ചുമതയുള്ള എഡിജിപിക്ക് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി. വിവാദങ്ങളുണ്ടായിട്ടും ഡിജിപി റിപ്പോര്‍ട്ട് തേടിയിരുന്നില്ല.
തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂര പ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് വച്ച് കെട്ടിയടച്ചും പോലീസ് പരിധിവിട്ടതാണു വിവാദമായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയില്‍ ഉപേക്ഷിച്ച് പൂരം നിര്‍ത്തിവയ്ക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടില്‍ കടക്കാന്‍ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു. പൂരത്തിന് ആനകള്‍ക്കു നല്കാന് കൊണ്ടു വന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന് തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ശേഷമാണ് നടപടിയെടുക്കാന്‍ നിര്‍ദേശം വന്നിരിക്കുന്നത്.