ഡെറാഡൂൺ∙ ഉത്തരാഖണ്ഡിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ഭണ്ഡാരി(19) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. അങ്കിതയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും പ്രഖ്യാപിച്ചു.
രാജ്യത്തെ ഞെട്ടിച്ച അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് പാർട്ടി നേതൃത്വം കേന്ദ്ര ബിജെപി നേതൃത്വത്തിന് വിശദീകരണം നൽകി. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ബിജെപി ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷിനെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തെത്തി കണ്ട് കേസിന്റെ വിശദാംശങ്ങൾ അറിയിച്ചു. ഉത്തരാഖണ്ഡ് പൊലീസിലെ പ്രത്യേക അന്വേഷണ ഏജൻസിയാണ് കേസ് അന്വേഷിച്ചത്.
അതിഥികൾക്കു ലൈംഗിക സേവനത്തിനു വിസമ്മതിച്ചതിനാണ് റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയെ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി നേതാവായിരുന്ന വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യ, മാനേജർ സൗരഭ് ഭാസ്കർ, അസി. മാനേജർ അങ്കിത് ഗുപ്ത എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഭോഗ്പുരിലെ റിസോർട്ടിൽ നിന്ന് ഈ മാസം 18 നു കാണാതായ യുവതിയുടെ മൃതദേഹം നാലു ദിവസത്തിനു ശേഷം ചീല കനാലിൽ നിന്നു കണ്ടെടുക്കുകയായിരുന്നു.
അതിഥികളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ റിസോർട്ട് ഉടമയും മാനേജർമാരും നിർബന്ധിക്കുന്നതായി കാണാതായ അന്നു രാത്രി യുവതി സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഫോൺ ഓഫായി. സുഹൃത്ത് റിസോർട്ട് ഉടമയെ വിളിച്ചപ്പോൾ യുവതി റൂമിലേക്കു പോയി എന്നു പറഞ്ഞു. അടുത്ത ദിവസവും യുവതിയെ ഫോണിൽ കിട്ടാതിരുന്നപ്പോഴാണു പരാതി നൽകിയത്. കൊലപാതകം പുറത്തറിഞ്ഞതോടെ സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായി . ഇതോടെ ബിജെപി നേതാവായിരുന്ന വിനോദ് ആര്യയെ പാർട്ടി പുറത്താക്കി.