ദില്ലി: ഉത്തരാഖണ്ഡിലെ സ്വകാര്യ റിസോര്‍ട്ട് റിസപ്ഷനിസ്റ്റായ 17 കാരിയെ കാണാതായ സംഭവത്തിൽ ബിജെപി നേതാവിന്റെ മകനുൾപ്പടെ മൂന്ന് പേർ അറസ്റ്റിലായി. പൗരി ഗര്‍വാള്‍ സ്വദേശിനിയായ അങ്കിത ഭണ്ഡാരിയെ ആണ് കാണാതായത് വാക്കുതർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി പ്രതികൾ പൊലീസിൽ മൊഴി നൽകി. പ്രതികളുടെ ലൈംഗികതാല്പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതർക്കത്തിനിടയാക്കിയത്.
അഞ്ചു ദിവസം മുമ്പാണ് അങ്കിതയെ കാണാതായത്. അങ്കിത ജോലി ചെയ്തിരുന്ന റിസോര്‍ട്ടിന്റെ ഉടമയായ പുല്‍കിത് ആര്യ മുൻമന്ത്രിയും ബിജെപി നേതാവുമായ വിനോദ് ആര്യയുടെ മകനാണ്. അങ്കിതയെ കാണാനില്ലെന്ന് സെപ്റ്റംബര്‍ 18-നാണ് കുടുംബം പൊലീസിൽ പരാതി നല്‍കിയത്. പരാതിയില്‍ സെപ്റ്റംബര്‍ 21ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയും മറ്റ് രണ്ട് പേരും ഒളിവില്‍ പോയിരുന്നു. അങ്കിതയുടെ മൃതദേഹം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്കിതയെ കനാലില്‍ തള്ളിയിട്ടതായി പ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളില്‍ ഒരാള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾ അങ്കിതയെ കൊലപ്പെടുത്തിയശേഷം കനാലിലേക്ക് തള്ളിയിട്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
റിസോർട്ടിലെത്തുന്ന അതിഥികൾക്കായും തനിക്കു വേണ്ടിയും വഴങ്ങണമെന്ന് പുൽകിത് അങ്കിതയോട് ആവശ്യപ്പെട്ടു. ഇതിന് അങ്കിത തയ്യാറായില്ല. നിരന്തരം ഇതേ കാര്യം ആവശ്യപ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറിയിച്ചു. ഇതും പ്രതികൾക്ക് വൈരാഗ്യം വർധിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേനയാണ് പ്രതികൾ അങ്കിതയെ റിസോർട്ടിൽ നിന്ന് കനാലിനടുത്ത് എത്തിച്ചത്. കൃത്യം നടന്ന ശേഷം പ്രതികൾ റിസോർട്ടിലേക്ക് മടങ്ങി. അന്നു തന്നെ മൂവരും ഹരിദ്വാറിലേക്ക് പോയി. അവിടെ നിന്ന് റിസോർട്ടിൽ വിളിച്ച് അങ്കിതയെ അന്വേഷിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അലീബി ഉണ്ടാക്കാനായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതയെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞതിനെത്തുടർന്ന് പുൽകിത് നേരിട്ട് പൊലീസിനെ വിളിച്ച് പരാതി നല്കിയെന്നും റിപ്പോർട്ടുകളുണ്ട്.