തിരുവനന്തപുരം: ഉത്തരാഖണ്ഡ് കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്തു രാഹുൽ ഗാന്ധി. അക്രമവും ധിക്കാരവും ബിജെപിയുടെ പര്യായങ്ങളാണെന്ന് വിമർശിച്ച അദ്ദേഹം, അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തിൽ പ്രധാനമന്ത്രിയുടെ മൗനം രാജ്യത്തെ സ്ത്രീകൾ ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കുന്നതാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
അതിനിടെ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ മൃതദേഹം വീട്ടുകാർ സംസ്കരിച്ചു. പെൺകുട്ടിയുടെ നാടായ പൗരി ഖർവാളിൽ ആണ് മൃതദേഹം ദഹിപ്പിച്ചത്. മകളെ കൊന്നവരെ തൂക്കിലേറ്റണമെന്ന് അങ്കിത ഭണ്ഡാരിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. റിസോർട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനാണന്ന് കുടുംബം ആരോപിച്ചു.അങ്കിതയുടേത് മുങ്ങിമരണമാണെന്നും, മരണത്തിന് മുന്‍പ് ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി. അതേ സമയം റിസോർട്ടിലെത്തിയിരുന്ന സന്ദർശകരില്‍ പലരും തന്നോട് മോശമായി പെരുമാറിയിരുന്നെന്നുവെന്ന് അങ്കിത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തന്‍റെ കൈയില്‍ പണമില്ലായിരിക്കാം, എന്നാല്‍ പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്ന് അങ്കിത അയച്ച മെസേജുകൾ സുഹൃത്തുക്കൾ പോലീസിന് കൈമാറി. ഈ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
എന്നാൽ സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിലും കുടംബം വിശ്വാസം പ്രകടിപ്പിക്കുന്നില്ല. ബി ജെ പി നേതാവിന്‍റെ മകന്‍ പുൾകിത് ആര്യ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ റിസോർട്ട് ഇടിച്ചു നിരത്തിയത് തെളിവ് നശിപ്പിക്കാനാണെന്നും, കര്‍ശന നിലപാട് സ്വീകരിച്ചുവെന്ന് വരുത്തി തീർക്കാനാണ് ഇതെന്നും കുടുംബം ആരോപിക്കുന്നു.
ഒരു ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാന്‍ കുടുംബം സമ്മതിച്ചത്. മരണത്തിന്‍റെ യഥാർത്ഥ കാരണമറിയണമെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാതെ മൃതദേഹം സംസ്കരിക്കില്ലെന്നായിരുന്നു രാവിലെ മുതല്‍ കുടുംബത്തിന്‍റെ നിലപാട്. അധികൃതരുമായി നടത്തിയ അനുനയ ചർച്ചയ്ക്ക് ശേഷം വൈകീട്ടാണ് സംസ്കാരം നടത്താന്‍ അങ്കിതയുടെ അച്ഛന്‍ സമ്മതിച്ചത്. ജനക്കൂട്ടത്തെ പ്രദേശത്തുനിന്നും മാറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. മൃതേദഹം സൂക്ഷിച്ച മോർച്ചറിക്ക് മുന്നിലും നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. ബദരിനാഥ് – ഋഷികേശ് ദേശീയ പാത മണിക്കൂറുകളോളം തടഞ്ഞു