ഇംഗിതത്തിന് വഴങ്ങാത്തതിന് 19 കാരിയെ കൊലപ്പെടുത്തിയ, ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് പൊളിച്ചു. പുൽകിത് ആര്യയുടെ പേരിലുള്ള റിസോര്‍ട്ട് ആണ് പൊളിച്ചത്. ബിജെപി ഭരിക്കുന്ന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. റിസോര്‍ട്ട് തകര്‍ക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമിയാണ് ഉത്തരവ് നൽകിയത്. റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19 കാരി അങ്കിത ഭണ്ഡാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
അങ്കിതയുടെ മൃതദേഹം ചില്ലയിലെ പവര്‍ ഹൗസിന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. പുൽകിത് ആര്യ, റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്കര്‍, മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റിസോര്‍ട്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകൾ കണ്ടെത്തി നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മുഴുവൻ റിസോര്‍ട്ടുകളിലും പരിശോധന നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
വ്യക്തി വൈരാഗ്യത്തിന്റെ പുറത്ത് റിസോര്‍ട്ടിന് സമീപത്തെ കനാലിലേക്ക് തള്ളിയിട്ടെന്നും അവിടെ അങ്കിത മുങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പുൽകിതും കൂട്ടാളികളും പൊലീസിന് നൽകിയ മൊഴി. പ്രതികളുടെ ലൈംഗിക താല്പര്യത്തിന് അങ്കിത വഴങ്ങാഞ്ഞതാണ് വാക്കുതർക്കത്തിനിടയാക്കിയത്. ഇതോടെ മൃതദേഹം കണ്ടെത്താനായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെ സഹായത്തോടെയാണ് മൃതദേഹത്തിനായുള്ള തെരച്ചിൽ നടത്തിയത്. ഒടുവിൽ മൃതദേഹം ചില്ലയിലെ പമ്പ് ഹൗസിന് സമീപം കണ്ടെത്തുകയായിരുന്നു. അതേസമയം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിഐജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേസ് അന്വേഷിക്കും.
റിസോർട്ടിലെത്തുന്ന അതിഥികൾക്കായും തനിക്ക് വേണ്ടിയും വഴങ്ങണമെന്ന് പുൽകിത് അങ്കിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അങ്കിത തയ്യാറായില്ല. നിരന്തരം ഇതേ കാര്യം ആവശ്യപ്പെട്ടതോടെ അങ്കിത വിവരം മറ്റ് ജീവനക്കാരെ അറിയിച്ചു. ഇതും പ്രതികൾക്ക് വൈരാഗ്യം വർധിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോൾ പ്രതികൾ മദ്യപിച്ചിരുന്നു. പ്രശ്നം പറഞ്ഞുതീർക്കാനെന്ന വ്യാജേനയാണ് പ്രതികൾ അങ്കിതയെ റിസോർട്ടിൽ നിന്ന് കനാലിനടുത്ത് എത്തിച്ചത്. കൃത്യം നടന്ന ശേഷം പ്രതികൾ റിസോർട്ടിലേക്ക് മടങ്ങി. അന്നു തന്നെ മൂവരും ഹരിദ്വാറിലേക്ക് പോയി. അവിടെ നിന്ന് റിസോർട്ടിൽ വിളിച്ച് അങ്കിതയെ അന്വേഷിച്ചു. ഇത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അലീബി ഉണ്ടാക്കാനായിരുന്നെന്നും പൊലീസ് പറഞ്ഞു. അങ്കിതയെ കാണാനില്ലെന്ന് ജീവനക്കാർ പറഞ്ഞതിനെത്തുടർന്ന് പുൽകിത് നേരിട്ട് പൊലീസിനെ വിളിച്ച് പരാതി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.