നെതർലൻഡ്‌സ് : രണ്ടാം ലോകമഹായുദ്ധ കാലത്ത് ബെർഗൻ-ബെൽസൻ നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവിലായിരുന്ന, ആൻ ഫ്രാങ്കിന്റെ ഉറ്റസുഹൃത്തുക്കളിൽ ഒരാളായ ഹന്ന ഗോസ്‌ലർ (93) അന്തരിച്ചുവെന്ന് ആൻ ഫ്രാങ്ക് ഫൌണ്ടേഷൻ അറിയിച്ചു. ബെർഗൻ-ബെൽസൻ ക്യാമ്പിൽ നിന്നെഴുതിയ ഡയറിക്കുറിപ്പിന്റെ പേരിൽ ഇന്നും അനശ്വരയാണ് ആൻ ഫ്രാങ്ക്.
1928-ലാണ് ഹന്ന ഗോസ്ലാർ ജനിച്ചത്. ഗോസ്‌ലറുടെ കുടുംബം 1933-ൽ നാസി ജർമ്മനിയിൽ നിന്ന് പലായനം ചെയ്ത് ആംസ്റ്റർഡാമിൽ താമസമാക്കി. സ്കൂളിൽ വച്ചാണ് ഗോസ്‌ലർ, ആൻ ഫ്രാങ്കിനെ കണ്ടുമുട്ടുന്നത്. 1942 ൽ നാസികളിൽ നിന്ന് രക്ഷപ്പെടാൻ ഫ്രാങ്ക് കുടുംബം ഒളിവിൽ പോയപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടു. 1943-ൽ ഗസ്റ്റപ്പോ അറസ്റ്റ് ചെയ്ത ഗോസ്‌ലറും കുടുംബവും അടുത്ത വർഷം ബെർഗൻ-ബെൽസനിലേക്ക് നാടുകടത്തപ്പെട്ടു.
കോൺസെൻട്രേഷൻ ക്യാമ്പിൽ വച്ച് ആനിന്റെ മരണത്തിന് തൊട്ടുമുമ്പ് 1945 ഫെബ്രുവരിയിൽ ഗോസ്‌ലർ ആൻ ഫ്രാങ്കിനെ വീണ്ടും കണ്ടുമുട്ടി. കോൺസെന്ട്രേഷൻ ക്യാമ്പിലെ പീഡനത്തിൽ നിന്ന് ഗോസ്‌ലറും അവളുടെ സഹോദരി ഗാബിയും മാത്രമാണ് അവരുടെ കുടുംബത്തിൽ അതിജീവിച്ചത്. ഗോസ്‌ലർ പിന്നീട് ജറുസലേമിലേക്ക് കുടിയേറി. അവിടെ വച്ച് ഗോസ്‌ലർ, വാൾട്ടർ പിക്കിനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളും 31 പ്രപൌത്രരും ഉണ്ടായിരുന്നു.
“ഇതാണ് ഹിറ്റ്‌ലറിനുള്ള എന്റെ മറുപടി” എന്ന് ഗോസ്ലർ ഇടക്കിടയ്ക്ക് പറയാറുണ്ടായിരുന്നുവെന്ന് ഫൌണ്ടേഷൻ വ്യക്തമാക്കുന്നു “ഹന്ന, അല്ലെങ്കിൽ ഹന്നലി എന്നാണ് ഗോസ്ലറെ ആൻ തന്റെ ഡയറിയിൽ വിശേഷിപ്പിച്ചിരുന്നത്. ആൻ ഫ്രാങ്കിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഗോസ്ലർ. കിന്റർഗാർട്ടൻ മുതൽ അവർക്ക് പരസ്പരം അറിയുമായിരുന്നു,” ആൻ ഫ്രാങ്ക് ഫൌണ്ടേഷൻ വെബ്‌സൈറ്റിൽ പറഞ്ഞു.
ഇരുവരുടെയും സൗഹൃദത്തിന്റെയും ഹോളോകോസ്റ്റിന്റെയും ഓർമ്മകൾ ഹന്ന അവസാനകാലത്ത് പങ്കുവച്ചിരുന്നു. അത് എത്ര ഭയാനകമായാലും, അവസാന ഡയറിക്കുറിപ്പിന് ശേഷം തനിക്കും സുഹൃത്ത് ആനിനും എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയണമെന്ന് ഗോസ്ലർ കരുതി..” – ഫൌണ്ടേഷൻ വെബ്സൈറ്റിൽ കുറിച്ചു.