ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം പതിയെ കടക്കുമ്പോൾ പ്രതിപക്ഷ ഐക്യത്തിനായി നീക്കങ്ങൾ സജീവമാക്കുകയാണ് പ്രാദേശിക പാർട്ടികൾ. സഖ്യചർച്ചകൾക്കായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവും ദില്ലിയിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി കൂടികാഴ്ച നടത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. എ ന്‍ഡി എ പാളയത്തിൽ നിന്നിറങ്ങി ആർ ജെ ഡിക്കും കോൺഗ്രസിനുമൊപ്പം കൈകോർത്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രതിപക്ഷ നേതൃനിരയിലേക്ക് വരുമെന്ന ചർച്ചകൾ സജീവമാണ്. നേരത്തെ ദില്ലിയിലെത്തിയ നിതീഷ് കുമാർ രാഹുല്‍ ഗാന്ധി, സിതാറാം യെച്ചൂരി, അരവിന്ദ് കെജ്രിവാൾ, മുലായം സിംഗ് യാദവ്, ഡി രാജ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
ഇന്ന് വീണ്ടും എത്തുന്ന നിതീഷ് കുമാർ, ലാലു പ്രസാദ് യാദവുമൊത്താണ് കോൺഗ്രസ് അധ്യക്ഷയുമായി കൂടികാഴ്ച നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കേ സഖ്യ രൂപീകരണമടക്കം കൂടികാഴ്ചയില്‍ ചർച്ചയാകും. പ്രതിപക്ഷ ഐക്യത്തിനായി എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് ലാലു പ്രസാദ് യാദവ് പ്രതികരിച്ചത്. ഒപ്പം തന്നെ 2024 ൽ മോദി ഭരണം പിഴുത് മാറ്റും എന്നും ലാലു ദില്ലിയിൽ പ്രഖ്യാപിച്ചു.