തിരുവനന്തപുരം: തിരുവനന്തപുരത്ത് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽ പെട്ടു വള്ളം മറിയുകയായിരുന്നു. അപകടത്തിൽ പെട്ട മത്സ്യ തൊഴിലാളിയെ രക്ഷിച്ചു. വള്ളം മറിഞ്ഞ് പരിക്കേറ്റത് ഷിബു എന്ന മത്സ്യ തൊഴിലാളിക്കാണ്. ഇയാൾക്ക് മുഖത്തും കാലിലും പരിക്കേറ്റിട്ടുണ്ട്. മറിൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് ചേർന്നാണ് ഷിബുവിനെ രക്ഷിച്ചത്.
അതേസമയം, മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.