തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മുതലപ്പൊഴിയിൽ 20 പേർ അടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. വർക്കല സ്വദേശികളാണ് വള്ളത്തിലുണ്ടായിരുന്നത്. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. രാവിലെ മത്സ്യബന്ധനത്തിനു പോകവേ ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ സംയുക്തമായുള്ള തിരച്ചിൽ ആരംഭിച്ചു .മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും ഇവിടെ തിരച്ചിൽ നടത്തുന്നുണ്ട്. 16 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ചിറയിൻകീഴ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വർക്കല സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ കർശന നിർദ്ദേശവുമായി ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിരുന്നു. ജാഗ്രത മുന്നറിയിപ്പുകൾ ഉള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിലൂടെയുള്ള കടലിൽപോക്ക് പൂർണമായി വിലക്കണം എന്ന് തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. കടലിൽ പോകരുതെന്ന മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ അവഗണിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ കർശനമായി വിലക്ക് നടപ്പാക്കണം. മത്സ്യത്തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനം.