സിഡ്നി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ ഹിന്ദു ക്ഷേത്രത്തിന്റെ ചുവരുകൾ സാമൂഹ്യവിരുദ്ധർ വികൃതമാക്കിയതായി റിപ്പോർട്ട്. രണ്ട് മാസത്തിനിടെ ഓസ്‌ട്രേലിയയിൽ നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ പ്രാർഥനയ്ക്ക് ഭക്തർ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്.
ബർബാങ്ക് സബർബിലുള്ള ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ഖലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചതായി ദ ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. “മെൽബണിലെ ഹിന്ദു ക്ഷേത്രങ്ങളിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ കേട്ടിരുന്നു. എന്നാൽ ഈ അവസ്ഥ കൺമുന്നിൽ നേരിടുന്നത് വളരെ വേദനാജനകമാണ്”. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രമേഷ് കുമാർ പറഞ്ഞതായി ദി ഓസ്‌ട്രേലിയ ടുഡേ റിപ്പോർട്ടിലുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാരാണ് തന്നോട് വിവരം പറഞ്ഞതെന്നും പൊലീസിനോട് വിശദവിവരങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് സതീന്ദർ ശുക്ല പറഞ്ഞു.
ബ്രിസ്‌ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്ഥാനിലെ ലാഹോർ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നു. ഓസ്‌ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖ് ഫോർ ജസ്റ്റിസിന്റെ നീക്കമാണ് ഈ അതിക്രമങ്ങളെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ സാറ എൽ ഗേറ്റ്‌സ് പറഞ്ഞു. ഈ കുറ്റകൃത്യം ആഗോളതലത്തിൽ സിഖ് ഫോർ ജസ്റ്റിസ് പിന്തുടരുന്ന മാതൃകയിലുള്ളതാണ്. ഓസ്‌ട്രേലിയൻ ഹിന്ദുക്കളെ ഭയപ്പെടുത്താനാണ് ശ്രമം. കുപ്രചരണങ്ങളും നിയമവിരുദ്ധമായ പ്രവർത്തികളും സൈബർ ഭീഷണിപ്പെടുത്തലുമൊക്കെയാണ് അവരുടെ ശൈലി എന്നും സാറ ഗേറ്റ്സ് പ്രതികരിച്ചു.