ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ ഒരു ചീറ്റ കൂടി ചത്തു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 11 മണിയോടെ ഇതിന്റെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു.
ഡോക്ടര്‍മാര്‍ ചീറ്റയെ മയക്കാനുള്ള മരുന്നു നല്‍കി ചികിത്സ ആരംഭിച്ചിരുന്നു. പരിക്കുകള്‍ എങ്ങനെ ഉണ്ടായെന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ എന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറന്‍സ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.എസ് ചൗഹാന്‍ പറഞ്ഞു.
സാഷ എന്ന് പേരിട്ടിരുന്ന ഒരു പെണ്‍ ചീറ്റ മാര്‍ച്ച് 27ന് വൃക്ക രോഗത്തെ തുടര്‍ന്ന് ചത്തിരുന്നു. പിന്നീട് ഏപ്രില്‍ 23ന് ഉദയ് എന്ന മറ്റൊരു ആണ്‍ ചീറ്റ ഹൃദയ – ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണവും ചത്തു. മേയ് ഒന്‍പതിന് മറ്റൊരു ചീറ്റയുടെ ആക്രമണത്തില്‍ ഒരു പെണ്‍ ചീറ്റ ചത്തു. മേയ് 25ന് രണ്ട് ചീറ്റ കുഞ്ഞുങ്ങളും ചത്തു. കടുത്ത കാലാവസ്ഥ സഹിക്കാനാവാത്തതും നിര്‍ജലീകരണവുമാണ് അതിന് അന്ന് കാരണമായി പറഞ്ഞത്.
നമീബിയയിൽനിന്നും സൗത്താഫ്രിക്കയിൽനിന്നും കൊണ്ടുവന്ന 20 ചീറ്റകളെയാണ് മധ്യപ്രദേശിൽ സംരക്ഷിക്കുന്നത്. ചീറ്റ പദ്ധതിയുടെ മേൽനോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ മേയ് അവസാനം ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉൾപ്പെടുന്ന 11 അംഗ സമിതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്.