യു.എ.ഇ : ചെറിയ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസില്‍ വീണ്ടും വെട്ടിനിരത്തല്‍ ആരംഭിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചവരുമാണ് ഇപ്പോഴത്തെ ഇരകള്‍. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറ്റവും വലിയ സഹായി ആയിരുന്നു കുമ്പളത്ത് ശങ്കരപ്പിള്ളയും ഇദ്ദേഹം ചെയര്‍മാനായുള്ള ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയും. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം ഒ.ഐ.സി.സി യിൽ മെമ്പർഷിപ്പ് ക്യാമ്പയിനും സംഘടന തെരഞ്ഞെടുപ്പും നടന്നത് കുമ്പളത്ത് ശങ്കരപ്പിള്ള ചെയര്‍മാന്‍ ആയതിനു ശേഷമാണ്. പുതിയ ജില്ലാ കമ്മിറ്റികളും റീജണൽ കമ്മിറ്റികളും നിലവിൽ വന്ന് കഴിഞ്ഞു. ഇനിയുള്ളത് നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പും ഗ്ലോബൽ കമ്മിറ്റി തെരഞ്ഞെടുപ്പും മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഗ്ലോബൽ കമ്മിറ്റി പിരിച്ചുവിട്ടതായി കെ.പി.സി.സി പ്രസിഡന്റിന്റെ കുറിമാനം ഇറങ്ങുന്നത്. ഒ.ഐ.സി.സിക്ക് പുതുജീവന്‍ നല്‍കാന്‍ അഹോരാത്രം പണിയെടുത്തവര്‍ ഇതോടെ പുറത്തായി. കടുത്ത അമര്‍ഷത്തിലാണ് പല പ്രവര്‍ത്തകരും.
ഒ.ഐ.സി.സിയുടെ ശക്തികേന്ദ്രങ്ങള്‍ ഗൾഫ് രാജ്യങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ഇവിടെയാണ്. എന്നാല്‍ അമേരിക്കയിൽ ഉള്ള ഒരു പ്രവാസിക്കാണ് ഇപ്പോള്‍ സംഘടനയുടെ ചുമതല നല്‍കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റിനെ സ്വാധീനിച്ചാണ് ഇദ്ദേഹം ഒ.ഐ.സി.സിയുടെ തലപ്പത്ത് കയറിക്കൂടിയതെന്നും പറയുന്നു. എന്തായാലും ഇതോടെ ഒ.ഐ.സി.സിയിലും ഭിന്നത തലപൊക്കും. ഒൻപത് വർഷമായി മരവിച്ചുകിടന്ന ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പുത്തന്‍ ഉണര്‍വോടെ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തുടക്കത്തിലെയുള്ള ഈ വെട്ടിനിരത്തല്‍ വിപരീത ഫലമായിരിക്കും ഉണ്ടാക്കുക. തന്നെയുമല്ല കുമ്പളത്ത് ശങ്കരപ്പിള്ളയെപ്പോലെയുള്ള ഒരു മികച്ച നേതാവിനെ ഒരുകാരണവും കൂടാതെ ചെയര്‍മാന്‍ പദവിയില്‍നിന്നും ഒഴിവാക്കിയ നടപടി പ്രവര്‍ത്തകരില്‍ കടുത്ത ആത്മരോഷം ഉണ്ടാക്കിയിട്ടുമുണ്ട്. കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. വ്യക്തി ബന്ധങ്ങൾക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ട് മുതിര്‍ന്ന നേതാക്കൾ എടുക്കുന്ന പല തീരുമാനങ്ങളും പാർട്ടിക്ക് ക്ഷീണം ചെയ്തിട്ടുണ്ട്. പ്രവാസികൾ എന്നും പാര്‍ട്ടിയുടെ നെടുംതൂണുകളാണ്. സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടി പ്രവാസികളുടെ ഇടയില്‍ ഭിന്നിപ്പ് ഉണ്ടായാല്‍ അതിന്റെ നഷ്ടം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാകും.