ഇംഫാൽ/ചുരാചന്ദ്പുർ: മണിപ്പൂരിലെ മോറെ നഗരത്തിൽ സുരക്ഷസേനയും തീവ്രവാദികളെന്ന് സംശയിക്കുന്നവരും തമ്മിൽ വീണ്ടും വെടിവെപ്പ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.പൊലീസിനെ ആക്രമിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ സ്ത്രീകൾ സംഘടിച്ചെത്തിയപ്പോൾ ചിലർ സുരക്ഷസേനക്കുനേരെ വെടിയുതിർക്കുകയായിരുന്നു. സേന തിരിച്ചടിച്ചു.ഇവിടെ തീവ്രവാദികളും സുരക്ഷസേനയും തമ്മിൽ തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ നാലു പൊലീസുകാർക്കും ബി.എസ്.എഫ് ജവാനും പരിക്കേറ്റിരുന്നു. ഇന്ത്യ-മ്യാന്മർ അതിർത്തിക്ക് സമീപമുള്ള മോറെയിൽ നിരവധി തവണ തീവ്രവാദികളും സുരക്ഷസേനയും നേരത്തേ ഏറ്റുമുട്ടിയിട്ടുണ്ട്.
സുരക്ഷസേനക്കുനേരെയുള്ള അക്രമത്തിന് പിന്നിൽ മ്യാന്മറിൽനിന്നുള്ള കൂലിപ്പട്ടാളക്കാരാണെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് ആരോപിച്ചു. പരിക്കേറ്റ പൊലീസുകാരെ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, തിങ്കളാഴ്ച തൗബാൽ ജില്ലയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം നാലായി. ന്യൂനപക്ഷ വിഭാഗത്തിന് മേധാവിത്വമുള്ള ലിലോങ് ചിങ്ജാവോ പ്രദേശത്തെത്തിയ അജ്ഞാതർ വെടിയുതിർത്തതിനെതുടർന്നാണ് ഗ്രാമവാസികളായ നാലുപേർ കൊല്ലപ്പെട്ടത്. നേരത്തേ മൂന്നുപേരാണ് മരിച്ചത്. പരിക്കേറ്റ ഒരാൾ പിന്നീട് ആശുപത്രിയിലാണ് മരിച്ചത്. പരിക്കേറ്റ 10 പേർ ആശുപത്രിയിലാണ്. തിങ്കളാഴ്ച വൈകീട്ടാണ് അജ്ഞാതർ വെടിയുതിർത്തത്. മുഹമ്മദ് ദൗലത്ത് (30), എം. സിറാജുദ്ദീൻ (50), മുഹമ്മദ് അസദ് ഖാൻ (40), മുഹമ്മദ് ഹുസൈൻ (22) എന്നിവരാണ് മരിച്ചത്.
അക്രമികളെത്തിയ നാലു വാഹനങ്ങൾക്ക് ജനം തീയിട്ടിരുന്നു. സംഭവത്തെ തുടർന്ന് ഇംഫാൽ താഴ്വരയിലെ അഞ്ചു ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്ചിങ്, ബിഷ്ണുപുർ ജില്ലകളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്.
നാലുപേർ വെടിയേറ്റ് മരിച്ചതിനെതുടർന്ന് പ്രദേശത്ത് തിങ്കളാഴ്ച രാത്രി സംഘർഷാവസ്ഥ നിലനിന്നിരുന്നു. വിവിധ മതവിഭാഗക്കാരുടെയും പ്രമുഖ വ്യക്തികളുടെയും യോഗം വിളിച്ച് ലിലോങ് എം.എൽ.എ അബ്ദുൽ നാസറും മുഖ്യമന്ത്രി ബിരേൻ സിങ്ങും കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷ ഉറപ്പുവരുത്തുമെന്നും ഉറപ്പുനൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ അയഞ്ഞത്.
ഇതിനിടെ, മണിപ്പൂരിൽ രണ്ടു വിദ്യാർഥികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന സി.ബി.ഐ അഞ്ച് പ്രതികൾക്കെതിരെ രണ്ട് അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. കാണാതായ പെൺകുട്ടിയും ആൺകുട്ടിയും വംശഹത്യക്കിടെ കൊല്ലപ്പെട്ടതായാണ് സംശയിക്കുന്നത്.
കനലടങ്ങാതെ
പുതുവർഷത്തിലും വെടിയൊച്ച നിലക്കാതെ മണിപ്പൂർ. 2023 മെയ് മൂന്നിന്, സംസ്ഥാനത്തെ മലയോര മേഖലകളിൽ ന്യൂനപക്ഷ ഗേത്രവിഭാഗങ്ങളുടെ ഐക്യറാലിക്കിടെയുണ്ടായ സംഘർഷത്തിൽ തുടങ്ങിയ ഏറ്റുമുട്ടൽ ഏഴ് മാസം പിന്നിടുമ്പോഴും പരിഹാരമാകാതെ അനിശ്ചിതാവസ്ഥയിൽ തുടരുന്നു. ഡിസംബർ 30 മുതൽ മേഖലയിൽ ചെറിയ ഇടവേളക്കുശേഷം സംഘർഷാവസ്ഥായുണ്ടായിരുന്നു. കാങ്പോപ്കി ജില്ലയിൽ ഒരാൾ കൊല്ലപ്പെട്ടുകയും ചെയ്തു. അതിന്റെ തുടർച്ചയിലാണ് തൗബാലിലും മറ്റും സംഘർമുണ്ടായത്. തുടർന്നാണ്, സംഘർഷം രൂക്ഷമായ തൗബാൽ, കിഴക്കൻ ഇംഫാൽ, പടിഞ്ഞാറൻ ഇംഫാൽ, കാക്ചിൻ, വിഷ്ണുപുർ എന്നീ ജില്ലകളിൽ കർഫ്യൂ പുനഃസ്ഥാപിച്ചത്.
കൊല്ലപ്പെട്ടവർ 180
പരിക്കേറ്റവർ 1200
പലായനം ചെയ്തവർ 65,000
തകർക്കപ്പെട്ട ചർച്ചുകൾ 400
മറ്റു ആരാധനാലയങ്ങൾ 17