പാലക്കാട് : യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എകെ ഷാനിബും തെരഞ്ഞെടുപ്പിൽ മത്സരിക്കും. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുമെന്ന് ഷാനിബ് അറിയിച്ചു. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ് മത്സരം. കൂടുതൽ കാര്യങ്ങൾ 10.45 ന് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തുമെന്നും ഷാനിബ് വ്യക്തമാക്കി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ ഷാനിബിനെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കോൺഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എകെ ഷാനിബ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്. ”പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്ന് എകെ ഷാനിബ് ആരോപിച്ചിരുന്നു. ഈ കരാറിൻ്റെ രക്തസാക്ഷിയാണ് കെ മുരളീധരൻ. കരാറിൻ്റെ ഭാഗമായാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നത്. ആറന്മുളയിൽ അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കും. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ല.
പാലക്കാട് ഒരു സമുദായത്തിൽപെട്ട നേതാക്കളെ കോൺഗ്രസ് പൂർണമായും തഴയുകയാണെന്ന് ഷാനിബ് വിമർശിച്ചു. ആ സമുദായത്തിൽ നിന്ന് താൻ മാത്രം മതി നേതാവെന്നാണ് ഷാഫി പറമ്പിലിൻ്റെ നിലപാട്. എതിർ നിലപാട് പറഞ്ഞാൽ ഫാൻസ് അസോസിയേഷൻകാരെക്കൊണ്ട് അപമാനിക്കും. ഷാഫി പറമ്പിലിനു വേണ്ടി യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് രീതി തന്നെ മാറ്റി”. ഉമ്മൻ ചാണ്ടി അസുഖബാധിതനായതോടെയാണ് ഷാഫി പറമ്പിൽ കൂടുതൽ തലപൊക്കിയതെന്നടക്കം ഷാനിബ് തുറന്നടിച്ചിരുന്നു.