കൊൽക്കത്ത : ബംഗാളിനെ ഞെട്ടിച്ചു കൊൽക്കത്തയിൽ വീണ്ടും മോഡൽ ആത്മഹത്യ ചെയ്തു. സരസ്വതി ദാസിനെ (18) ആണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മെയ്ക്കപ് ആർട്ടിസ്റ്റ് കൂടിയായ സരസ്വതി, കസ്ബ ബേഡിയാഡങ്കയിലെ വസതിയിലെ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മോഡലാണു നഗരത്തിൽ ജീവനൊടുക്കിയത്.മോഡലിങ് രംഗത്തു വളർന്നുവരുന്ന താരമായ സരസ്വതി, ശനിയാഴ്ച രാത്രിയിൽ ദുപ്പട്ട ഉപയോഗിച്ചു തൂങ്ങിമരിക്കുകയായിരുന്നു. ‘ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുത്തശ്ശിയാണു സരസ്വതിയെ ആദ്യം കണ്ടത്. ഉടനെ കുരുക്കു മുറിച്ചു യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്’– മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.