ജയ്പൂർ: കോട്ടയിൽ ഞെട്ടിച്ച് വീണ്ടും വിദ്യാർഥി ആത്മഹത്യ. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിയായ ഭരതാണ് ആത്മഹത്യ ചെയ്തത്. കോട്ടയിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ധോൽപൂർ സ്വദേശിയാണ് വിദ്യാർഥിയെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. പുതിയ വിദ്യാർഥി ആത്മഹത്യയോടെ കോട്ട വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഈ വർഷം ഏഴാമത്തെ വിദ്യാർഥിയാണ് ജീവനൊടുക്കുന്നത്.
എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും രാജസ്ഥാനിലേക്ക് എത്തുന്നത്. ഇതിൽ ഭൂരിപക്ഷ പേരും എത്തുന്നത് കോട്ടയിലേക്കാണ്. നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോട്ടയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കണക്ക് പരിശോധിക്കുമ്പോൾ 2022-ൽ 15, 2019-ൽ 18, 2018-ൽ 20, 2017-ൽ ഏഴ്, 2016-ൽ 17, 2015-ൽ 18 എന്നിങ്ങനെയാണ് കോട്ടയിലെ ആത്മഹത്യ നിരക്ക്. 2020ലും 2021ലുംമാണ് കോട്ടയിൽ ഒരു വിദ്യാർഥി ആത്മഹത്യയും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്. വർധിച്ചുവരുന്ന വിദ്യാർഥികളുടെ ആത്മഹത്യകൾ, മാനസികാരോഗ്യപ്രശ്നങ്ങൾ മൂലമാണ് ഉണ്ടായതെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ട ജില്ലാ ഭരണകൂടം എല്ലാ ഹോസ്റ്റൽ മുറികളിലും സ്പ്രിംഗ്-ലോഡഡ് ഫാനുകൾ നിർബന്ധമാക്കാൻ ഉത്തരവിറക്കിയിരുന്നു. അതേസമയം, വിദ്യാർത്ഥികളുടെ ആത്മഹത്യകൾ കുറക്കുന്നതിന് ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ മാനസിക പിന്തുണയും സുരക്ഷിതത്വവും നൽകണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.