കൊച്ചി: ഭാരത് ജോഡോ യാത്രയില്‍ കൊച്ചിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം സച്ചിന്‍ പൈലറ്റ് സഹയാത്ര നടത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ വച്ച് സച്ചിന്‍ പൈലറ്റിന്‍റെ സാന്നിധ്യം കോണ്‍ഗ്രസിന് പ്രതീക്ഷയാണ് എന്ന് കോണ്‍ഗ്രസ് സഹയാത്രികനും, സിനിമ നിര്‍മ്മാതാവുമായ ആന്‍റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ആന്‍റോ ജോസഫ് തന്‍റെ അഭിപ്രായം പങ്കുവച്ചത്.
കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് പദവിക്കായി പരിശീലനം നടത്തിയ വ്യക്തിയാണ് സച്ചിന്‍ പൈലറ്റ് എന്നാണ് ആന്‍റോ ജോസഫ് ഓര്‍മ്മിപ്പിക്കുന്നത്. കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന്‍ പൈലറ്റെന്ന നേതാവിന്റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്.
രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക് ഓഫിനുള്ള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണ്. അതിനുള്ള തുടക്കമാകട്ടെ കൊച്ചിയിലെ സഹയാത്രയെന്ന് ആന്‍റോ ജോസഫ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
കൊച്ചിയുടെ നിരത്തിലൂടെ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കുന്ന സച്ചിന്‍ പൈലറ്റിന്റെ ദൃശ്യം കോണ്‍ഗ്രസ്പതാകയിലെ മൂന്നുനിറങ്ങളെന്നപോലെ തിളങ്ങിയ മൂന്നുമുഖങ്ങളെയാണ് ഓര്‍മയില്‍ കൊണ്ടുവന്നത്. രാജീവ്ഗാന്ധി,രാജേഷ് പൈലറ്റ്,മാധവ് റാവു സിന്ധ്യ. കെ.എസ്.യുക്കാലത്തെ ആവേശങ്ങള്‍…അതില്‍നിന്നുള്ള തുടര്‍ക്കാഴ്ചപോലെ മറ്റ് മൂന്നുപേര്‍..രാഹുല്‍ഗാന്ധി,സച്ചിന്‍ പൈലറ്റ്,ജ്യോതിരാദിത്യ സിന്ധ്യ. യൂത്ത് കോണ്‍ഗ്രസ്സിന്റെ പതാക ഞാനുള്‍പ്പെടെയുള്ള തലമുറയിലേക്ക് കൈമാറിയവര്‍.
ഇവരില്‍ ഒടുവിലത്തെയാള്‍ ഇടയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് വേര്‍പെട്ട് മറ്റൊരു വഴിയിലൂടെ പോയി. പക്ഷേ രാഹുലും സച്ചിനും ഇപ്പോഴും സംഘടനയുടെ പ്രതീക്ഷകളായുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഒരുമിച്ചുള്ള നടത്തത്തെ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയില്‍ ഏറെ പ്രധാന്യത്തോടെയാണ് കാണുന്നതും. പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള കാല്‍വെയ്പുകളില്‍ സച്ചിന്‍ പൈലറ്റെന്ന പേര്‍ നിര്‍ണായകമാകുന്ന ഈ ദിവസങ്ങളില്‍.
പത്തുവര്‍ഷം മുമ്പ് ബെംഗളൂരുവിലെ ഇന്ത്യന്‍ ആര്‍മിയുടെ സര്‍വ്വീസ് സെലക്ഷന്‍ ബോര്‍ഡ് ആസ്ഥാനത്ത് ടാക്‌സിക്കാറില്‍ വന്നിറങ്ങിയ മുപ്പത്തിയഞ്ചുവയസ്സുകാരനെ ഓര്‍മവരുന്നു. അവിടെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളം ചെറുപ്പക്കാര്‍ക്കിടയില്‍ ഒരാളായി,പരിമിതമായ സൗകര്യത്തില്‍ കിടന്നുറങ്ങി,നാലുമണിക്ക് ഉണര്‍ന്ന്,ഒരുമണിക്കൂറോളം ശുചിമുറിയ്ക്ക് മുന്നില്‍ വരിനിന്ന് കുളിച്ച് വൃത്തിയായി, എഴുത്തുപരീക്ഷയും ശാരീരികക്ഷമതാകടമ്പകളും താണ്ടി ഒടുവില്‍ ഇന്റര്‍വ്യൂവിനെത്തിയ ഒരാള്‍. ടെറിട്ടോറിയല്‍ ആര്‍മിയുടെ ലഫ്റ്റ്‌നന്റ് പദവി സ്വപ്‌നം കണ്ടെത്തിയ അയാളുടെ പേര് സച്ചിന്‍ പൈലറ്റ് എന്നായിരുന്നു.
അയാള്‍ അപ്പോള്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയിലെ ഐ.ടി മന്ത്രിയായിരുന്നു! ഇരുപത്തിയാറാമത്തെ വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ എം.പി. എന്ന നേട്ടത്തിലെത്തിയ സച്ചിൻ പൈലറ്റ് അങ്ങനെ ടെറിട്ടോറിയൽ ആർമിയിൽ ഓഫീസറായ ആദ്യ കേന്ദ്ര മന്ത്രിയുമായി. കൊച്ചിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം നടന്നത് ലെഫ്റ്റ്‌നന്റില്‍ നിന്ന് പില്‍ക്കാലത്ത് പുതിയ ആകാശത്തേക്ക് വളര്‍ന്ന ക്യാപ്റ്റന്‍ സച്ചിന്‍ പൈലറ്റ് ആണ്.
കോണ്‍ഗ്രസ് എന്ന പ്രസ്ഥാനം സച്ചിന്‍ പൈലറ്റെന്ന നേതാവിന്റെ സൈനികധീരതയെയും അര്‍പ്പണമനോഭാവത്തെയും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. രാജസ്ഥാനെ സച്ചിന്‍ പൈലറ്റിന്റെ ടേക് ഓഫിനുള്ള റണ്‍വേ ആക്കി മാറ്റിയാല്‍ കോണ്‍ഗ്രസിന് കിട്ടുക പുതിയ ചിറകും നവോന്മേഷവുമാണ്. അതിനുള്ള തുടക്കമാകട്ടെ കൊച്ചിയിലെ സഹയാത്ര.