ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകളും സുപ്രീംകോടതി അഭിഭാഷകയുമായ ബൻസുരി സ്വരാജിനെ ന്യൂഡൽഹിയിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെതിരെ ആം ആദ്മി പാർട്ടി. കോടതിയിൽ ദേശവിരുദ്ധശക്തികളെ സംരക്ഷിക്കുന്ന ബൻസുരി സ്വരാജിനെ മാറ്റണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് രാജ്യംവിട്ട ലളിത് മോദിയെ കോടതിയിൽ നിരന്തരം ന്യായീകരിച്ചു സംസാരിച്ചയാളാണ് ബൻസുരിയെന്ന് ആം ആദ്മി ആരോപിച്ചു.
മണിപ്പൂരിൽ രണ്ടു സ്ത്രീകളെ വിവസ്ത്രരാക്കി പരേഡ് നടത്തിയപ്പോൾ ബൻസുരി സുപ്രീംകോടതിയിൽ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രത്തിനുവേണ്ടി നിലകൊണ്ടു. ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നപ്പോൾ വ്യാജ മേയർക്കുവേണ്ടിയാണ് ബൻസുരി വാദിച്ചതെന്നും ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ അതിഷി മർലേന കുറ്റപ്പെടുത്തി.