കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണരംഗത്ത്. കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയിൽ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി മകൻ അനിൽ ആന്റണിയും പ്രചാരണ രംഗത്തുണ്ട്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുന്നു. വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബർ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. അതിനിടെ ചാണ്ടി ഉമ്മൻ – ജെയ്ക് സി തോമസ് നേർക്കുനേർ സംവാദത്തിനും കളമൊരുങ്ങുകയാണ്. വികസന കാര്യത്തിൽ ചർച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്‍റെ വെല്ലുവിളി ഏറ്റെടുത്ത ചാണ്ടി ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ടെന്നും പറഞ്ഞു. ജെയ്ക്കിന്‍റെ മറുപടി കൂടി വന്നാൽ സംവാദത്തിന്‍റെ സമയവും സ്ഥലവും മാത്രം തീരുമാനിച്ചാൽ മതിയാകും. പ്രചാരണം ഇനി മൂന്ന് ദിവസം കൂടിയേയുള്ളൂ. സെപ്തംബർ അഞ്ചിനാണ് തെരഞ്ഞെടുപ്പ്. എട്ടിന് വോട്ടെണ്ണും.