കോഴിക്കോട് : തൃശൂരിൽ അതിരപ്പിള്ളി വനമേഖലയിലെ കാട്ടുപന്നികളിൽ ആന്ത്രാക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലും ജാഗ്രതാ നിർദേശം. മൃഗസംരക്ഷണ വകുപ്പാണ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. ജില്ലയിൽ നഗരത്തിലടക്കം കാട്ടുപന്നി ആക്രമണമുണ്ടായിട്ടുണ്ട്.
മലയോര മേഖലയിലെ കർഷകർ കാട്ടുപന്നിയടക്കമുള്ളവയുടെ ശല്യം കാരണം കൃഷിയുപേക്ഷിച്ച് കുടിയിറങ്ങേണ്ട അവസ്ഥയിലുമാണ്. കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള അനുമതി തദ്ദേശസ്ഥാപനങ്ങൾക്കു നൽകിയതോടെ ശല്യം തടയാമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇതിനിടെ ആന്ത്രാക്സ് മുന്നറിയിപ്പും പുറപ്പെടുവിച്ചതോടെ കർഷകർ ആശങ്കയിലാണ്.
വനപ്രദേശങ്ങളോടു ചേർന്നുള്ള ജനവാസ മേഖലകളിൽ കാട്ടുപന്നികളോ മറ്റു മൃഗങ്ങളോ ചത്തുകിടക്കുന്നതു കണ്ടാൽ ജാഗ്രത പാലിക്കണമെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നത്. ചത്ത ജീവികളെ കൈകൊണ്ട് തൊടുകയോ നേരിട്ട് കൈകാര്യം ചെയ്യുകയോ അരുത്. ജീവികൾ ചത്തുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ജന്തുരോഗ നിയന്ത്രണ ഓഫിസിലോ (എഡിസിപി) വനംവകുപ്പിലോ അറിയിക്കാനാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസർ നിർദേശം നൽകിയിരിക്കുന്നത്.ഇത്തരം വിവരങ്ങൾ ജില്ലാ ജന്തുരോഗ നിയന്ത്രണ ഓഫിസിലേക്കും വിളിച്ചറിയിക്കാം. ഫോൺ: 0495 22762050