ദില്ലി : രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടർന്ന് രാജ്യത്തെ 22 യൂ ട്യൂബ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. ഒരു വാർത്താ വെബ്സൈറ്റിനെയും വിലക്കി. വാർത്താ വിതരണ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് കേന്ദ്രസർക്കാർ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയിൽ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാൻ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നവയാണെന്നും അധികൃതർ വിശദീകരിച്ചു. മൂന്ന് ട്വിറ്റർ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഫെബ്രുവരിയിൽ ഐടി ഇന്റർമീഡിയറി ചട്ടങ്ങൾ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകൾക്കും ചാനലുകൾക്കും എതിരെ ഒരുമിച്ച് നടപടി വരുന്നത്.
എആർപി ന്യൂസ്, എഒപി ന്യൂസ്, എൽഡിസി ന്യൂസ്, സർക്കാരി ബാബു, എസ്എസ് സോൺ ഹിന്ദി, സ്മാർട്ട് ന്യൂസ്, ന്യൂസ് 23, കിസാൻ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് പൂട്ടുവീണത്. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ദുനിയാ മേരീ ആഗെ എന്ന ന്യൂസ് വെബ്സൈറ്റും യൂ ട്യൂബ് ചാനലും നിരോധിച്ചു. ദേശസുരക്ഷ, സമാധാനാന്തരീക്ഷം എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയും സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കാനും ശ്രമിച്ചതിനാണ് സർക്കാർ നടപടിയെടുത്തത്.