ബെംഗളുരു: കൈക്കൂലിക്കേസിൽ മുൻകൂർ ജാമ്യം നേടിയ ചന്നാഗിരി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണമൊരുക്കി ബി ജെ പി പ്രവർത്തകർ. മുൻകൂർ ജാമ്യം നേടി മണ്ഡലത്തിലെത്തിയപ്പോഴാണ് വിരൂപാക്ഷപ്പയ്ക്ക് വൻ സ്വീകരണം ലഭിച്ചത്. പടക്കം പൊട്ടിച്ചും പൂ വിതറിയും എം എൽ എയെ സ്വീകരിക്കുകയായിരുന്നു പ്രവർത്തകർ. എം എൽ എയാകട്ടെ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തും കൈവിശിക്കാണിച്ചുമാണ് മണ്ഡലത്തിൽ സഞ്ചരിച്ചത്.
കൈക്കൂലിക്കേസിലെ ഒന്നാം പ്രതിയായ കർണാടകത്തിലെ ബി ജെ പി എം എൽ എ മാഡൽ വിരൂപാക്ഷപ്പയ്ക്ക് ഇന്ന് ഉച്ചയോടെയാണ് മുൻകൂർ ജാമ്യം ലഭിച്ചത്. കർണാടക ഹൈക്കോടതിയാണ് കടുത്ത ഉപാധികളോടെ വിരൂപാക്ഷപ്പയ്ക്ക് ജാമ്യം അനുവദിച്ചത്. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നിവയടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കർണാടക ഹൈക്കോടതി ബി ജെ പി എം എൽ എക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കർണാടക സോപ്സ് കമ്പനിയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും മുൻകൂർ ജാമ്യ വ്യവസ്ഥയിലുണ്ട്.
കർണാടക ലോകായുക്ത റജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മുൻ കർണാടക സോപ്സ് ചെയർമാനായിരുന്ന മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്സ് നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകനും ഐ എ എസ് ഉദ്യോഗസ്ഥനുമായ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് നടത്തിയ റെയ്ഡിൽ എട്ട് കോടി രൂപയാണ് ബി ജെ പി എം എൽ എയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.












