കാഞ്ഞങ്ങാട് :റെയിൽ പാളങ്ങൾ കേന്ദ്രീകരിച്ച് ഇന്നലെ പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തു. റെയിൽവേ ട്രാക്കും പരിസരങ്ങളിലും സാമൂഹിക വിരുദ്ധരുടെ ശല്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിൽ ബീറ്റ് പട്രോളിങ് നടത്തി.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മുതൽ പടന്നക്കാട് വരെ സാമൂഹിക വിരുദ്ധർ കൂടി നിൽക്കുന്ന സ്ഥലങ്ങളിൽ ജനങ്ങളെ ബോധവത്കരിച്ചു. സംശയം തോന്നിയ വരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് വരെ തുടർന്നു.
ചിത്താരി വരെ ട്രാക്കുകളിൽ ഉച്ചക്ക് ശേഷം പരിശോധന തുടർന്നു. പല ഭാഗങ്ങളിലും പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. ബീറ്റിന്റെ ഭാഗമായി മേഖലയിലെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും വീടുകളും സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി. സംശയാസ്പദമായി റെയിൽവേ പാളങ്ങളിലും പരിസരങ്ങളിലും കാണുന്നവർക്കെതിരെനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പട്രോളിങ് ശക്തമാക്കുമെന്നും ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ പറഞ്ഞു.