പത്തനംതിട്ട: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് എല്ലാ മാസവും 5ന് മുൻപ് ശമ്പളം നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നു ഗതാഗതമന്ത്രി ആന്റണി രാജു. സർക്കാർ ജീവനക്കാരുടെ ശമ്പളം മാത്രമാണ് സർക്കാരിന് ഉറപ്പ് നൽകാവുന്നത്.
സർക്കാരിന്റെ ഡിപ്പാർട്ടുമെന്റ് അല്ല കെഎസ്ആർടിസി. ശമ്പളം നൽകാൻ എല്ലാ മാസവും സർക്കാർ സഹായിക്കണം എന്നത് തെറ്റായ ധാരണയാണ്. 5ന് മുൻപ് ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകേണ്ടത് മന്ത്രിയല്ല, മാനേജ്മെന്റാണ്. യൂണിയനുകൾക്ക് അത് മനസ്സിലായിട്ടുണ്ട്. അതിനാലാണ് അവർ സമരത്തിൽ നിന്നു പിന്മാറിയത്.
ശമ്പളത്തിനുള്ള പണം മാനേജ്മെന്റ് കണ്ടെത്തണം. ഇതിനായി ചെലവ് കുറച്ച് വരുമാനം കൂട്ടണം. ഏത് പൊതുമേഖലാ സ്ഥാപനം ആയാലും ശമ്പളത്തിനുള്ള പണം അവരാണ് കണ്ടെത്തേണ്ടത്. അല്ലാതെ സർക്കാരല്ല. കോവിഡ് കാലത്തെ പ്രതിസന്ധി കണക്കിലെടുത്താണ് ശമ്പളം നൽകാൻ സർക്കാർ സഹായിച്ചത്. ഇങ്ങനെ തുടർന്നു പോകാൻ കഴിയില്ലെന്നു ധനമന്ത്രിയും പറഞ്ഞിട്ടുണ്ട്. അതിനാൽ കൃത്യമായി ശമ്പളം നൽകാനുള്ള മാർഗം ട്രേഡ് യൂണിയനുകളുമായി ചർച്ച ചെയ്ത് മാനേജ്മെന്റ് കണ്ടെത്തണം.
കേന്ദ്ര സർക്കാരിന്റെ തെറ്റായ സമീപനമാണ് കെഎസ്ആർടിസിയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വൻതോതിൽ ഇന്ധനം വാങ്ങുന്ന കാരണത്തിൽ കൂടുതൽ വില ഈടാക്കി. ഇത് കാരണം 40 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായതായും അദ്ദേഹം പറഞ്ഞു.