തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ തീർഥാടന കേന്ദ്രമായ ബീമാപള്ളിയിൽ നിർമിക്കുന്ന അമിനിറ്റി സെന്ററിന് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു. 2,06,22,242 രൂപയായിരുന്നു ആദ്യം അനുവദിച്ചത്.നിർമാണ സ്ഥലത്തിന്റെ പ്രത്യേകതയും പള്ളിക്കമ്മിറ്റിയുടെ അഭ്യർത്ഥനയും പരിഗണിച്ച് പദ്ധതി രൂപരേഖയിൽ മാറ്റം വരുത്തിയതിനാൽ ഈ തുകയിൽ പണി പൂർത്തിയാക്കുവാൻ സാധിക്കാത്തതിനെ തുടർന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പുതുക്കിയ ഭരണാനുമതിയ്ക്കുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ നിർദേശം നല്‍കി.പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407 രൂപ കൂടി അനുവദിച്ച് 2,58,40,649 രൂപയുടെ പുതുക്കിയ ഭരണാനുമതിയാണ് ഇപ്പോള്‍ ലഭിച്ചത്. റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുവാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.