കൊൽക്കത്ത: കന്നുകാലി കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുബത്ര മൊണ്ടാലിനെ സിബിഐ അറസ്റ്റു ചെയ്തതിൽ പ്രതികരണവുമായി ബജെപി. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരിഹസിച്ചാണ് ബംഗാളിൽനിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷിന്റെ പ്രതികരണം.
‘വളരെ കാലമായി കാത്തിരിക്കുന്ന അറസ്റ്റാണിത്. മാർക്കറ്റിൽ മീൻ വിറ്റു നടന്ന ആളാണ് അനുബത്ര. ഇപ്പോൾ 1000 കോടി രൂപയുടെ ഉടമയാണ്. മമതാ ബാനർജിയുടെ ഉപകാരത്തിനു നന്ദി.’– ദിലീപ് ഘോഷ് പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് ബീർഭും ജില്ലയിലെ വീട്ടിൽനിന്ന് സിബിഐ സംഘം അനുബത്രയുടെ അറസ്റ്റു രേഖപ്പെടുത്തിയത്. കന്നുകാലി കള്ളക്കടത്തു കേസ് അന്വേഷണത്തിൽ സഹകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. രണ്ടുതവണ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വിശ്രമം നിർദേശിച്ചെന്ന് കാണിച്ച് മൊണ്ടാൽ ഹാജരായില്ല. ഇതേത്തുടർന്നാണ് രാവിലെ 10 മണിയോടെ എട്ട് സിബിഐ ഉദ്യോഗസ്ഥർ ഇദ്ദേഹത്തിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.
ബംഗാളിൽ അടുത്തിടെ പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ തൃണമൂൽ നേതാവാണ് അനുബത്ര മൊണ്ടാൽ. നേരത്തെ സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ബംഗാൾ മുൻ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു.