കോഴിക്കോട് ∙ കണ്ണൂർ അർബൻ നിധി നിക്ഷേപത്തട്ടിപ്പ് കേസിൽ എനി ടൈം മണി ഡയറക്ടർ ആന്റണി സണ്ണി പൊലീസ് കസ്റ്റഡിയിൽ. 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്നാണ് മറ്റുപ്രതികളുടെ മൊഴി. കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കണ്ണൂരിലെ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണു പാലാഴിയിലെ ‘എനി ടൈം മണി’.
50,000 രൂപ നൽകിയാണ് ജീവനക്കാർ ഇവിടെ ജോലി നേടിയത്. ജോലി സ്ഥിരപ്പെടാനായി കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. സ്ഥിരജോലിക്കു പുറമേ ഉയർന്ന പലിശയും വാഗ്ദാനം ലഭിച്ചതോടെ ജീവനക്കാർ ലക്ഷങ്ങൾ നിക്ഷേപിച്ചു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പണമിട്ടു. കാലാവധിയെത്തിയിട്ടും പണം തിരികെ ലഭിക്കാതെ വന്നതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയപ്പോഴാണു തട്ടിപ്പ് പുറത്തായത്. എനി ടൈം മണിയുമായി ബന്ധപ്പെട്ട് ഇതുവരെ 15 കേസുകളാണ് പന്തീരാങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്തത്. കേസ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.