തിരുവനന്തപുരം: യുപി അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന് ഏറെക്കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മിറ്റി ചെയർമാനുമായ എ.പി.അബ്ദുള്ളക്കുട്ടി. പിണറായി സർക്കാര്‍ ഗുജറാത്തിലെ വികസനം പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ വിടുന്നതിനെ വൈകിവന്ന വിവേകം എന്നു പറഞ്ഞു കളിയാക്കുന്നില്ലെന്നും, ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അബ്ദുള്ളക്കുട്ടി പറഞ്ഞു. പിണറായി വിജയനെ നെഞ്ചോട് ചേർത്തു പിടിച്ച് ഈ പോസിറ്റീവ് രാഷ്ട്രീയത്തിന്റെ പേരിൽ അഭിവാദ്യം ചെയ്യാൻ യാതൊരു മടിയും ഇല്ല. 2008ലാണ് ഇതേ കാര്യം പറഞ്ഞതിനു സിപിഎം തന്നെ പുറത്താക്കിയത്. പിണറായിയുടെ ഈ നിലപാടിനോട് പ്രകാശ് കാരാട്ടിന്റെയും കൂട്ടരുടേയും നിലപാട് അറിയാൻ കൗതുകം ഉണ്ട്.
കേരളം മറ്റു സംസ്ഥാനങ്ങളിൽനിന്ന് പലതും പഠിക്കാനുണ്ടെന്നു അബ്ദുള്ളക്കുട്ടി പറഞ്ഞു. കെഎസ്ആർടിസിയെ നന്നാക്കാൻ എംഡി പോകുന്നത് നെതർലൻഡിലേക്കാണ്. അവർ ആദ്യം പോകേണ്ടത് യുപിയിലാണ്. യോഗി സർക്കാർ യുപി ട്രാൻസ്പോർട്ട് കോർപറേഷനെ ലാഭത്തിലാക്കി. യോഗി ആദിത്യനാഥ് അധികാരത്തിൽ വരുമ്പോൾ കോർപറേഷൻ 153 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. ഒരു വർഷം കൊണ്ട് കോർപറേഷൻ 83 കോടി രൂപ ലാഭത്തിലായി. ഇത് കേരളത്തിലെ ട്രാൻസ്പോർട്ട് സംഘം പഠിക്കണം. യുപിയിൽ 70 കൊല്ലമായി 38,000 ഗ്രാമങ്ങളിൽ ബസ് യാത്ര ഇല്ലായിരുന്നു. യോഗി 26,000 ഗ്രാമങ്ങളിലേക്കു ബസ് സർവീസ് നീട്ടി. ഇങ്ങനെയാണ് കോർപറേഷൻ ലാഭത്തിലാക്കിയത്.
നോക്കുകൂലി, ഹർത്താൽ, പണിമുടക്ക് ഇത്തരം രീതികളുമായി പോകുന്ന ഒരു സംഘം സിപിഎമ്മിന് അകത്തുണ്ടെന്നതാണ സത്യം. സിപിഎം പൂർണമായി മാറിയെന്നു പറയാനാകില്ല. എങ്കിലും പോസിറ്റീവായ മാറ്റമാണ്. കേരളത്തിലെ ബിജെപി നേതൃത്വത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ദേശീയ നേതൃത്വം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ടിക്കറ്റില്‍ രണ്ടു തവണ കണ്ണൂരില്‍നിന്ന് എംപിയായ അബ്ദുള്ളക്കുട്ടി പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലെത്തി. മോദിയെ അനുകൂലിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് എ.പി.അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കി. മോദിയെ അനുകൂലിച്ച് പോസ്റ്റിട്ടതിന് പാര്‍ട്ടി വിശദീകരണം ചോദിച്ചെങ്കിലും നിലപാടില്‍ ഉറച്ചുനിന്നതിനെ തുടർന്നാണ് പുറത്താക്കിയത്.