തൃശൂർ : ലിംഗ വിവേചനം സിനിമാമേഖലയിൽ മാത്രം നിലനിൽക്കുന്ന പ്രശ്‌നമല്ല, എല്ലാ തൊഴിൽ മേഖലയിലും ഉള്ളതാണെന്ന് മികച്ച നടിക്കുള്ള നാഷണൽ അവാർഡ് നേടിയ അപർണ ബാലമുരളി പറഞ്ഞു. എല്ലാ മേഖലകളിലും എല്ലാ തരം ജോലികളിലും ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണിത്. സിനിമ വലിയ ഒരു ഇടമായതിനാൽ മാത്രമാണ് ആളുകൾ ചർച്ച ചെയ്യുന്നതെന്നും അവർ പറഞ്ഞു. തൃശൂർ പ്രസ് ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
തുല്യ അധ്വാനത്തിൽ ഒരേ ജോലി ചെയ്യുന്നവർക്ക് രണ്ട് പ്രതിഫലം എന്നതിനോട് യോജിക്കാൻ കഴിയില്ല. തുല്യ വേതനം ആണ് പ്രധാനം. പ്രവൃത്തിപരിചയത്തെ അടിസ്ഥാനമാക്കി സിനിമാതാരങ്ങൾക്ക് പ്രതിഫലം കൊടുക്കേണ്ടതും അത്യാവശ്യമാണ്. ഒരുപാട് വർഷത്തെ സിനിമാ അഭിനയ പരിചയമുള്ള ആളുകൾക്ക് ഇന്നും തുച്ഛമായ തുകയാണ് പ്രതിഫലം നൽകുന്നത് അത് മാറണം. പ്രവൃത്തി പരിചയം പ്രതിഫലത്തിന്റെ മറ്റൊരു മാനദണ്ഡമായി മാറ്റണമെന്നും അപർണ ബാലമുരളി പറഞ്ഞു.
കൂടാതെ രാഷ്‌ട്രീയ കൃത്യത സിനിമാ തിരക്കഥകളിൽ പാലിക്കപ്പെടെണ്ടതുണ്ട്. തെറ്റായ കാര്യങ്ങളെ മഹത്വവത്‌കരിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കാതിരിക്കുന്നതും ഒരു രാഷ്‌ട്രീയമാണ്. സിനിമകളിലൂടെ നൽകുന്ന സന്ദേശമാണ് കാഴ്‌ചകാർ സ്വീകരിക്കുന്നത്. അതുകൊണ്ട് സിനിമയിലൂടെ നല്ല സന്ദേശം നൽകാനാണ് ശ്രമിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രി ആർ ബിന്ദു അപർണ ബാലമുരളിയെ പൊന്നാട അണിയിച്ച് ആദരിച്ചു.