ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള അവാർഡ് ലഭിച്ച നഞ്ചിയമ്മയ്ക്ക്എതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി അപർണ ബാലമുരളി. നഞ്ചിയമ്മ അവാര്‍ഡ് അര്‍ഹിക്കുന്ന ആളാണെന്നും ആ പാട്ടിന് വേണ്ട ശബ്ദമാണ് നഞ്ചിയമ്മയുടെതെന്നും അപർണ പറഞ്ഞു. ആ പാട്ട് വേറെ ആളുകള്‍ക്ക് പാടാന്‍ കഴിയില്ലെന്നും അപർണ വ്യക്തമാക്കുന്നു.
“ആ പാട്ട് ഭയങ്കര യുണീക്കാണ്. വെറുതെയിരുന്ന് അത് പാടാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിൽ നിന്നും പാടേണ്ട പാട്ടാണത്. നഞ്ചിയമ്മ ഒരു ഗായികയല്ലാത്തത് കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആ കഴിവാണ് സച്ചി സാര്‍ തിരിച്ചറിഞ്ഞ് സിനിമയിലേക്ക് കൊണ്ടുവന്നത്. ആ പാട്ട് എന്തുകൊണ്ടും വളരെ പെര്‍ഫെക്ട് ആണ്. അതിന് വേണ്ട ശബ്ദം തന്നെയാണ് നഞ്ചിയമ്മയുടേത്. അതുകൊണ്ട് തന്നെ നഞ്ചിയമ്മ പുരസ്കാരത്തിന് അർഹയാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, എന്ന് അപര്‍ണ പറഞ്ഞു.
അതേസമയം, അവാർഡ് വിവാദത്തില്‍ പ്രതികരണവുമായി അവാര്‍ഡ് ജേതാവ് നഞ്ചിയമ്മ തന്നെ രംഗത്ത് എത്തിയിരുന്നു. ‘ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല’ എന്നാണ് നഞ്ചിയമ്മ പറഞ്ഞത്.
നഞ്ചിയമ്മയെ മികച്ച ഗായികയായി തെരഞ്ഞെടുത്തതിന് പിന്നാലെ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചു. ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു.