പശ്ചിമഘട്ട ജൈവ വൈവിധ്യമേഖലയിൽ നിന്നും പുതിയ ഇനം തേനീച്ചയെ ഗവേഷക സംഘം കണ്ടെത്തി. ഇരുനൂറ് വർഷത്തിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് പുതിയ ഇനം തേനീച്ചയെ കണ്ടെത്തുന്നത്. ഇരുണ്ട നിറമായതിനാൽ ‘എപിസ് കരിഞ്ഞൊടിയൻ’എന്ന ശാസ്ത്രീയ നാമമാണ് പുതുതായി കണ്ടെത്തിയ തേനീച്ചയ്ക്ക് നൽകിയിട്ടുള്ളത്. ‘ഇന്ത്യൻ ബ്ലാക്ക് ഹണിബീ’ എന്നാണ് പൊതുനാമമായി നൽകിയിട്ടുള്ളത്. വാണിജ്യ അടിസ്ഥാനത്തിൽ ക്യഷി ചെയ്യാവുന്ന ഇനത്തിൽപെട്ട തേനിച്ചയാണിതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
സെപ്റ്റംബർ ലക്കം എന്‍റമോൺ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 1798-ൽ ജോഹാൻ ക്രിസ്ത്യൻ ഫാബ്രിഷ്യസ് എന്ന ഡെന്മാർക്കുകാരനായ ശാസ്ത്രജ്ഞൻ വിവരിച്ച ‘എപിസ് ഇൻഡിക്കയാണ്’ ഇന്ത്യയിൽ നിന്ന് അവസാനമായി കണ്ടെത്തിയ തേനീച്ച. ഇതിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിമൊരു കണ്ടെത്തൽ ഉണ്ടാകുന്നത്. എപിസ് കരിഞ്ഞൊടിയൻ തേനീച്ചയുടെ കണ്ടുപിടുത്തത്തോട് കൂടി ലോകത്ത് ഇതുവരെ കണ്ടുപിടിച്ച തേനീച്ച ഇനങ്ങളുടെ എണ്ണം 11 ആയി.
ഇന്ത്യയില്‍ ഇതുവരെയായി ഒരെറ്റയിനം തേനീച്ച മാത്രമാണ് ഉള്ളതെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് തന്നെ മൂന്നിനം തേനീച്ചകളെ കണ്ടെത്തിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന കര്‍ഷകര്‍ ഇന്ന് ‘എപിസ് കരിഞ്ഞൊടിയൻ’ നെ വളര്‍ത്തുന്നുണ്ടെങ്കിലും വ്യാവസായിക അടിസ്ഥാനത്തില്‍ ഇവയെ വളര്‍ത്തുന്നത് തേന്‍ ഉല്പാദനം കൂട്ടാന്‍ സഹായിക്കും.